വിമാനസർവ്വീസുകൾ നിയന്ത്രിക്കണമെന്ന് മോദിയോട് കെജ്രിവാൾ

ദില്ലി: ഒമിക്രോണ്‍ വകഭേദത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് ഐസിഎംആര്‍. എന്നാൽ പുതിയ വൈറസ് വകഭേദത്തിനെതിരെ ജാഗ്രത കൈവിടരുതന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചു. ഒമിക്രോൺ വൈറസ് കൂടുതൽ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അടിയന്തരനടപടികൾ ആലോചിക്കാൻ ദില്ലി സര്‍ക്കാര്‍ നാളെ യോഗം ചേരും.
തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് ഒമിക്രോണ്‍ എന്ന റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ടെങ്കിലും ഇത് സാധൂകരിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ പുറത്ത് വന്നിട്ടില്ലെന്നാണ് ഐസിഎംആറിന്‍റെ നിലപാട്. അതിനാല്‍ ജാഗ്രത തുടര്‍ന്നാല്‍ മതിയാകും. നിലവില്‍ ഉപയോഗിക്കുന്ന വാക്സീനുകളുടെ ശേഷിയെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. പക്ഷേ വാക്സീനെടുത്തവര്‍ക്ക് വൈറസ് ബാധ ഗുരുതരമാകില്ലന്ന് തന്നെയാണ് എഐസിഎംആര്‍ കരുതുന്നത്. അതിനാല്‍ വാക്സിനേഷന്‍ വേഗത കൂട്ടണമെന്ന് ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നു.
രാജ്യത്തെ 16 കോടിയോളം പേര്‍ ഒരു ഡോസ് വാക്സീന്‍ പോലും സ്വീകരിച്ചിട്ടില്ലെന്നാണ് കണക്ക്. പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ വാക്സീന്‍ വിമുഖത ഉപേക്ഷിക്കണമെന്നും ഐസിഎംആര്‍ ആവശ്യപ്പെടുന്നു. നിലവിലെ സാഹചര്യം വാക്സിനേഷന്‍ നടപടിയെ ബാധിക്കരുതെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കൊവിഡ് ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻകീബാത്തിൽ ഇന്നും ആവര്‍ത്തിച്ചു. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ വീണ്ടും തുടങ്ങുന്നതില്‍ പുനരാലോചന വേണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതിന് പിന്നാലെ പുതിയ വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് യാത്ര നിരോധനം ഏര്‍പ്പെടുത്തണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ തീരുമാനമുണ്ടാകൂവെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഒമിക്രോൺ വൈറസ് വന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ വൈറസ് ബാധിത മേഖലകളിൽ നിന്നുള്ള വിമാനങ്ങൾ വിലക്കിയിട്ടുണ്ടെന്നും ഇന്ത്യയും ഈ രീതിയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്രമോദി കത്തയച്ചു.
നാളെ ദില്ലിയില്‍ ചേരുന്ന ദുരന്ത നിവാരണ അതോറിറ്റി യോഗം യാത്ര സാഹചര്യം പരിശോധിക്കും. വ്യോമയാന മന്ത്രാലയ പ്രതിനിധികളും പങ്കെടുക്കുന്ന യോഗത്തില്‍ ദക്ഷിണാഫ്രിക്ക, സിംബാംബേ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് യാത്ര വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ മുന്‍പോട്ട് വയ്ക്കും. നിലവിലെ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ ദില്ലി, തമിഴ്നാട് കര്‍ണ്ണാടകം എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ഫലം കര്‍ശനമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവർക്ക് കർണാടക പത്ത് ദിവസത്തെ നിർബന്ധിത ക്വാറൻ്റൈൻ പ്രഖ്യാപിച്ചിരിക്കുകയാണ്.