'മിന്നല്‍' നമ്പര്‍ വണ്‍; നെറ്റ്ഫ്ലിക്സിന്‍റെ ഇന്ത്യ ടോപ്പ് 10 ലിസ്റ്റില്‍ ഒന്നാമതെത്തി ടൊവീനോ ചിത്രം

നെറ്റ്ഫ്ലിക്സിന്‍റെ (Netflix) 'ഇന്ത്യ ടോപ്പ് 10' ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ടൊവീനോ (Tovino Thomas) ചിത്രം 'മിന്നല്‍ മുരളി' (Minnal Murali). നെറ്റ്ഫ്ലിക്സിന്‍റെ ക്രിസ്‍മസ് റിലീസ് ആയെത്തിയ ചിത്രം 24ന് ഉച്ചയ്ക്ക് 1:30നാണ് റിലീസ് ചെയ്യപ്പെട്ടത്. ആ ദിവസം മുതല്‍ ഇന്ത്യ ടോപ്പ് 10 ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഈ ചിത്രമാണ്. സിരീസുകളായ എമിലി ഇന്‍ പാരീസ്, ദ് വിച്ചര്‍, ഡികപ്പിള്‍ഡ്, ആരണ്യക്, എന്നിവയാണ് തുടര്‍ന്നുള്ള നാല് സ്ഥാനങ്ങളില്‍. ഡികാപ്രിയോ പ്രധാന വേഷത്തിലെത്തിയ ഹോളിവുഡ് ചിത്രം 'ഡോണ്ട് ലുക്ക് അപ്പ്', മണി ഹെയ്സ്റ്റ്, സൂര്യവന്‍ശി, സ്ക്വിഡ് ഗെയിം, സ്പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം എന്നിവയാണ് യഥാക്രമം ആറ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.
സമീപകാലത്ത് ഒരു ഇന്ത്യന്‍ റിലീസിനും നല്‍കാത്ത തരത്തിലുള്ള പ്രീ-റിലീസ് പബ്ലിസിറ്റിയാണ് നെറ്റ്ഫ്ലിക്സ് മിന്നല്‍ മുരളിക്ക് നല്‍കിയത്. ഇന്ത്യയില്‍ തന്നെ സൂപ്പര്‍ഹീറോ ചിത്രങ്ങളുടെ നിര്‍മ്മാണം അപൂര്‍വ്വമാണ് എന്നതിനാല്‍ മലയാളത്തില്‍ നിന്നുള്ള ആദ്യ സൂപ്പര്‍ഹീറോ ചിത്രത്തെ നെറ്റ്ഫ്ലിക്സും ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്. എന്നാല്‍ റിലീസിനു മുന്‍പ് സൃഷ്‍ടിക്കപ്പെട്ട വന്‍ ഹൈപ്പ് വിനയായില്ല എന്ന് തെളിയിക്കുന്നതായിരുന്നു ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നു ലഭിച്ച പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി.