ഇന്ത്യക്കാരില്‍ അമിത വണ്ണക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി സര്‍വേ

ഇന്ത്യയില്‍ അമിതവണ്ണമുള്ളവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്.അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ അമിതവണ്ണമുള്ളവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത് 33 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണെന്ന് അടുത്തിടെ പുറത്തു വന്ന ദേശീയ കുടുംബാരോഗ്യ സര്‍വേ-5 റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണം മുന്‍ സര്‍വേയില്‍ 2.1 ശതമാനമായിരുന്നത് ഈ സര്‍വേയില്‍ 3.4 ശതമാനമായി വര്‍ധിച്ചു.
കുട്ടികളുടെ ഇടയില്‍ മാത്രമല്ല സ്ത്രീ പുരുഷന്മാരുടെ അമിതവണ്ണത്തിലും വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. അമിത വണ്ണമുള്ള സ്ത്രീകളുടെ എണ്ണം മുന്‍ സര്‍വേയിലെ 20.6 ശതമാനത്തില്‍ നിന്ന് 24 ശതമാനമായി വര്‍ധിച്ചു. അമിതവണ്ണമുള്ള പുരുഷന്മാരുടെ എണ്ണം 18.9 ശതമാനത്തില്‍ നിന്ന് 22.9 ശതമാനമായി വര്‍ധിച്ചതായും ദേശീയ കുടുംബാംരോഗ്യ സര്‍വേ
അമിതവണ്ണക്കാരായ സ്ത്രീകളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അമിതവണ്ണക്കാരായ പുരുഷന്മാര്‍ പെരുകി.
അനാരോഗ്യകരമായ ഭക്ഷണശൈലി, ശാരീരിക അധ്വാനത്തിന്‍റെ അഭാവം, ഉയരുന്ന വരുമാനം തുടങ്ങിയ നിരവധി ഘടകങ്ങളാണ് ഇതിന് കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 2015-16ല്‍ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിലെ അമിതവണ്ണക്കാരായ പുരുഷന്മാരുടെ ശതമാനം അഞ്ചായിരുന്നത് ഈ സര്‍വേയില്‍ ആറായി ഉയര്‍ന്നു. ഉയര്‍ന്ന വരുമാനക്കാരായ കുടുംബങ്ങളില്‍ ഇത് യഥാക്രമം 33 ശതമാനവും 36 ശതമാനവുമാണ്. പോഷണക്കുറവിനൊപ്പം അമിത പോഷണത്തെയും വ്യായാമമില്ലായ്മയെയും പരിഹരിക്കാനുള്ള നയപരിപാടികള്‍ കൂടി രാജ്യത്ത് ഉണ്ടാകേണ്ടതുണ്ടെന്ന് സേവ് ദ ചില്‍ഡ്രന്‍ ന്യൂട്രീഷന്‍ വിഭാഗം മേധാവി ഡോ. അന്തര്‍യാമി ഡാഷ് അഭിപ്രായപ്പെട്ടു.