സാമന്തയുടെ ഒറ്റ ഗാനത്തിന് കോടികള്‍ പ്രതിഫലം.

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ‘പുഷ്പ’ ചിത്രത്തിലെ പാര്‍ട്ടി ഗാനം ട്രെന്‍ഡിംഗില്‍. നടി സാമന്തയുടെ ഗ്ലാമര്‍ ലുക്കും ത്രസിപ്പിക്കും ചുവടുകളുടെ ദൃശ്യങ്ങളുമാണ് പുറത്തെത്തിയിരിക്കുന്ന ലിറിക്കല്‍ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
സാമന്തയുടെ കരിയറിലെ തന്നെ ആദ്യ ഡാന്‍സ് നമ്പറാണ് പുഷ്പയിലെ ഗാനം.ചിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്നായ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
തെലുങ്കില്‍ ഇന്ദ്രവതി ചൗഹാന്‍ ആലപിച്ച ഗാനം മലയാളത്തില്‍ രമ്യ നമ്പീശനാണ് ആലപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രം ഡിസംബര്‍ 17ന് തിയേറ്ററുകളില്‍ എത്തും. പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്.