സര്‍ക്കാറിന് ഷോക്ക് ട്രീറ്റ്മെന്‍റ് , കെ റെയില്‍ പ്രതിഷേധത്തിന് ഊര്‍ജ്ജമേറും

തൃക്കാക്കര: യുഡിഎഫിന്‍റെ പൊന്നാപുരം കോട്ട ഇളകിയില്ല.മുഖ്യമന്ത്രി മുതൽ സാധാരണ പ്രവർത്തകർ വരെ തൃക്കാക്കരയിൽ വോട്ടു ചോദിച്ചത് സിൽവർ ലൈൻ ബ്രാൻഡ് ഉയർത്തിക്കാട്ടിയാണ്. എന്നാൽ ഈ സ്മാർട്ട് സിറ്റിയിൽ പോലും വികസന പ്രചാരണം ഇളക്കമുണ്ടാക്കിയില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കിടയിൽ പ്രധാന ചർച്ചയാക്കാതെ പ്രകടന പത്രികയിൽ കെ റെയിൽ ഒളിച്ച് കടത്തിയ സിപിഎം ഇതുവരെ വാദിച്ചതും തുടർ ഭരണം കെറെയിലിന് കൂടിയുള്ള അംഗീകാരമെന്നാണ്.എന്നാൽ കെറെയിൽ സജീവ ചർച്ചയും വിവാദവുമായ ശേഷം നേരിട്ട ആദ്യ ഹിതപരിശോധനാ ഫലം നെഗറ്റീവ് ആയത് സർക്കാരിനും പാർട്ടിക്കും തിരിച്ചടിയായി.
തോറ്റാലും കെറെയിലിൽ നിന്നും പിന്തിരിയില്ല എന്ന് ആദ്യമെ സിപിഎം വ്യക്തമാക്കിയത് മുൻകൂർ ജാമ്യമായെങ്കിലും യുഡിഎഫിന് തൃക്കാക്കര ജയം തുടർ പ്രതിഷേധങ്ങൾക്ക് ഊർജ്ജം നൽകും.
സ്ഥാനാർത്ഥി തീരുമാനം മുതൽ കൊട്ടിക്കലാശം വരെ സ്ഥിരം ട്രാക്ക് മാറ്റിയായിരുന്നു സിപിഎം ചുവടുകൾ.സിറോ മലബാർ സഭയുമായുള്ള ധാരണകളും പാർട്ടി ചിഹ്നത്തിൽ പ്രൊഫഷണലിനെ സ്ഥാനാർത്ഥിയാക്കിയതും കൈപൊള്ളിയ പരീക്ഷണമായി.സിപിഎം നേതാവായ സ്ഥാനാർത്ഥി വന്നിരുന്നെങ്കിൽ ശക്തമായ രാഷ്ട്രീയമത്സരം സാധ്യമാകുമായിരുന്നു എന്ന എറണാകുളം ജില്ലാ നേതൃത്വത്തിന്‍റെ അഭിപ്രായങ്ങളെ അവഗണിച്ച സംസ്ഥാന നേതൃത്വത്തിനും ഈ തോൽവി തൃക്കാക്കര പാഠം.
. കെവി തോമസ് ,എംബി മുരളീധരൻ, മണലൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു വിജയ് ഹരി.ഉപതെരഞ്ഞെടുപ്പ് കാലത്ത് തൃക്കാക്കരയിൽ കണ്ട ഉത്തരേന്ത്യൻ മോഡൽ കൂടുമാറ്റം കൊണ്ട് പ്രതീക്ഷിച്ച നേട്ടം സിപിഎമ്മിനുണ്ടായില്ല.ഇതിലൂടെ എതിർക്യാമ്പിന്‍റെ വാശി കൂട്ടിയതും തിരിച്ചടിയുടെ ആഘാതം കൂട്ടി. സ്ഥാനാർത്ഥികൾ തമ്മിലുള്ള മത്സരം എന്നതിനപ്പുറം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള പോരാട്ടമായാണ് തൃക്കാക്കര പോര് വിലയിരുത്തപ്പെട്ടത്.
വിഡി സതീശന്‍റെ ഹോം ഗ്രൗണ്ടിൽ തന്നെ നൂറ് തികക്കാനിറങ്ങിയ എൽഡിഎഫ് ഒടുവിൽ ക്ലീൻ ബൗൾഡാകുമ്പോൾ ക്യാപ്റ്റനും ടീമിനും മനോഹരമായ നടക്കാത്ത സ്വപ്നമായി തൃക്കാക്കരയിലെ സെഞ്ച്വറി.