തൃക്കാക്കരയിലെ 239 ബൂത്തുകളിൽ ഇടതുമുന്നണിക്ക് ലീഡ് ലഭിച്ചത് 22 ബൂത്തുകളിൽ മാത്രം

തൃക്കാക്കര: ഉമതോമസിന് തൃക്കാക്കരയില്‍ ആധികാരിക ജയം. 239 ബൂത്തുകളില്‍ 217 ബൂത്തുകളിലും അവര്‍ വ്യക്തമായ ലീഡ് നേടി ഇടതുമുന്നണിക്കാകട്ടെ 22 ബൂത്തുകളില്‍ മാത്രമാണ് ലീഡ് കിട്ടിയത്.കോര്‍പ്പറേഷന്‍ പരിധിയിലെ ബുത്തുകളിലും നഗരസഭയിലെ ബൂത്തുകളിലും ഉമതോമസ് കൃത്യമായ ലീഡ് ഉറപ്പിച്ചാണ് തിളക്കമാര്‍ന്ന ജയം കൈക്കലാക്കിയത്.72770 വോട്ടുകൾ നേടിയാണ് പി ടി തോമസിന്‍റെ പിൻഗാമിയായി മത്സരിച്ച ഉമ തോമസിന്‍റെ മിന്നുംവിജയം. 25,016 വോട്ടുകളുടെ, അതായത് കാൽലക്ഷം പിന്നിട്ട വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ തോമസിന്‍റെ വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് 47754 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന് 12957 വോട്ടുകളാണ് കിട്ടിയത്.
സ്ഥാനാർത്ഥി നിർണ്ണയം മുതൽ തീരുമാനങ്ങൾ പിഴച്ചതാണ് തൃക്കാക്കരയിൽ സിപിഎമ്മിൻറെ കനത്ത തോൽവിക്ക് കാരണം. ജില്ലാ നേതൃത്വത്തെ നോക്കുകുത്തിയാക്കിയുള്ള സംസ്ഥാന നേതൃത്വത്തിന്‍റെ നീക്കങ്ങളും പാർട്ടിക്കുള്ളിൽ കരടായി. നയിച്ചത് പിണറായി ആയിരുന്നെങ്കിലും തോൽവി കനത്തതോടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് അല്ലെന്നാണ് സിപിഎം ജില്ലാ നേതൃത്തിൻറെ വിശദീകരണം.