ഉത്തരാഖണ്ഡില്‍ വീണ്ടും ബിജെപി, കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തും; സര്‍വേ

ദില്ലി: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ (Uttarakhand election- 2022) ബിജെപി (BJP) വീണ്ടും അധികാരത്തിലെത്തുമെന്ന് സര്‍വേ. ഇന്ത്യ ന്യൂസ്-ജന്‍ കി ബാത് സര്‍വേയിലാണ് ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് (Congress) നില മെച്ചപ്പെടുത്തുമെന്നും സര്‍വേയില്‍ പറയുന്നു. 70 അംഗ നിയമസഭയില്‍ ബിജെപി 35 മുതല്‍ 38 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ആഭ്യന്തര കലഹമാണെങ്കിലും കോണ്‍ഗ്രസ് 27 മുതല്‍ 31 സീറ്റുകള്‍ വരെ നേടും. ആറ് സീറ്റുകള്‍ ആംആദ്മി പാര്‍ട്ടി നേടുമെന്നും സര്‍വേ പറയുന്നു. 5000 പേര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. 39 ശതമാനം പേര്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 38.2 ശതമാനം പേര്‍ കോണ്‍ഗ്രസിനെയാണ് അനുകൂലിച്ചത്. 11.7 ശതമാനം പേര്‍ ആം ആദ്മി പാര്‍ട്ടിയെ അനുകൂലിച്ചു. നരേന്ദ്രമോദി സര്‍ക്കാറിന്റെ പദ്ധതികള്‍ സംസ്ഥാന ബിജെപിക്ക് ഗുണമാകുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 69 ശതമാനവും അഭിപ്രായപ്പെട്ടത്.
ഭരണവിരുദ്ധ വികാരത്തേക്കാള്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ള വികാരമാണ് 60 ശതമാനമാളുകള്‍ പ്രകടിപ്പിച്ചത്. 30 ശതമാനം പേര്‍ പാര്‍ട്ടികളുടെ നയത്തിനെതിരെയും 10 ശതമാനം പേര്‍ ഭരണവിരുദ്ധ വികാരത്തിനും അഭിപ്രായം രേഖപ്പെടുത്തി. തൊഴിലില്ലായ്മയും കുടിയേറ്റവും തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമാകുമെന്ന് 47 ശതമാനം പേരും അഭിപ്രായപ്പെട്ടു. ആരോഗ്യവും കുടിവെള്ളവുമാണ് പ്രധാന പ്രശ്‌നമെന്ന് 20 ശതമാനം പേര്‍ അറിയിച്ചു. വിലക്കയറ്റം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് 10 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തി.
ബ്രാഹ്മണരും രാജ്പുത്തുകളും ബിജെപിക്ക് തന്നെയാണ് വോട്ട് ചെയ്യുകയെന്ന് 45 ശതമാനം പേരും അഭിപ്രായപ്പെട്ടു. മുസ്ലിം സമുദായത്തിന്റെ 85 ശതമാനം വോട്ടും കോണ്‍ഗ്രസിന് ലഭിക്കും. സിഖ് സമുദായത്തിന്റെ 60 ശതമാനവും വോട്ട് കോണ്‍ഗ്രസിന് ലഭിക്കും. പട്ടിക ജാതിക്കാരുടെ 75 ശതമാനം വോട്ടും കോണ്‍ഗ്രസിന് ലഭിക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുഷ്‌കര്‍ സിങ് ധാമിക്ക് 40 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തി. 30 ശതമാനം പേര്‍ ഹരീഷ് റാവത്തിനെ അനുകൂലിച്ചു