മൂന്നാം ടെസ്റ്റിലും ദക്ഷിണാഫ്രിക്ക വിജയത്തിനരികില്‍ ; ദക്ഷിണാഫ്രിക്കയില്‍ പരമ്പര വിജയത്തിന് ഇന്ത്യ കാത്തിരിക്കണം

ദക്ഷിണാഫ്രിക്കയില്‍ ഒരു ടെസ്റ്റ് പരമ്പര വിജയം നേടാന്‍ ഇന്ത്യ ഇനിയും കാത്തിരിക്കണം. കേപ്ടൗണില്‍ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക വിജയത്തിനരികിലെത്തി. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക വിജയത്തിന് 111 റണ്‍സ് അകലെയാണ്.
രണ്ടാം ഇന്നിംഗ്‌സില്‍ 212 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് എടുത്ത നിലയിലാണ്. ഓപ്പണര്‍മാരായ എയ്ഡന്‍ മാര്‍ക്രവും നായകന്‍ ഡീന്‍ എല്‍ഗാറുമാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. 16 റണ്‍സ് എടുത്ത മാര്‍ക്രം മൊഹമ്മദ് ഷമിയുടെ ബൗളിംഗില്‍ കെഎല്‍ രാഹുലിന്റെ കയ്യിലെത്തി. 30 റണ്‍സ് എടുത്ത ഡീന്‍ എല്‍ഗാര്‍ ജസ്പ്രീത് ബുംറയുടെ പന്തില്‍ പന്തിന്റെ കയ്യിലെത്തി. കഴിഞ്ഞ ഇന്നിംഗ്‌സില്‍ അര്‍ദ്ധശതകം നേടിയ കീഗന്‍ പീറ്റേഴ്‌സന്‍ ഈ ഇന്നിംഗ്‌സിലും ഹാഫ് സെഞ്ച്വറിയിലേക്ക് നീങ്ങുകയാണ്. 48 റണ്‍സ് എടുത്ത നിലയിലാണ് കീഗന്‍. നേരത്തേ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 198 റണ്‍സിന് അവസാനിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ സെഞ്ച്വറി മാത്രമായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ ഏക ആശ്വാസം. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം ചെറിയ സ്‌കോറിന് പുറത്തായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.