ഈ വര്‍ഷം നടക്കുന്ന ടി-20 ലോകകപ്പിനുള്ള മത്സരക്രമം പുറത്തുവിട്ട് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍
T20 world cup

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ട് ഐസിസി. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം ചിരവൈരികളായ പാകിസ്താനെതിരെയാണ്. യോഗ്യതാ മത്സരങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 23നാണ് 12 ടീമുകള്‍ ഏറ്റുമുട്ടുന്ന ടൂര്‍ണമെന്റിലെ ആദ്യ മത്സരം നടക്കുക.
സൂപ്പര്‍ 12 ഘട്ടത്തില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം. അബുദാബിയിലായിരിക്കും ഈ മത്സരം നടക്കുക. അന്നേ ദിവസം തന്നെ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെ നേരിടും. ദുബായിലാണ് ഈ മത്സരം നടക്കുക. ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടത് മുതല്‍ ഇരുടീമുകളുടെയും ആരാധകര്‍ ആവേശത്തിലായിരുന്നു. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം ഇരുവരും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളത്. ചിരവൈരികളുടെ പോരാട്ടങ്ങള്‍ ഇതുവരെയും ആരാധകര്‍ക്ക് ആവേശ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് എന്നതിനാല്‍ ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്. ഈ ആവേശത്തിന് ഹരം പകര്‍ന്നുകൊണ്ടാണ് ഇത്തവണ ഇരു ടീമുകളും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെട്ടത്. ഇപ്പോഴിതാ ആ ആവേശത്തിന് കൊഴുപ്പ് കൂട്ടാന്‍ ഇന്ത്യയും പാകിസ്താനും അവരുടെ ടൂര്‍ണമെന്റിലെ അവരുടെ ആദ്യ മത്സരത്തില്‍ പരസ്പരം നേരിടുന്നു എന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടം ഇതായിരിക്കും എന്നാണ് വിലയിരുത്തല്‍. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഒക്ടോബര്‍ 24നാണ്
ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളില്‍, രണ്ടാമത്തെ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാകിസ്താനും പുറമെ ന്യുസിലന്‍ഡ്, അഫ്ഗാനിസ്താന്‍, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് മറ്റു ടീമുകള്‍. ഗ്രൂപ്പ് ഒന്നില്‍ നിലവിലെ ചാമ്ബ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉള്‍പ്പെടുന്നത്.
നവംബര്‍ 10ന് അബുദാബിയിലാണ് ആദ്യ സെമി ഫൈനല്‍. നവംബര്‍ 11ന് ദുബായില്‍ രണ്ടാമത്തെ സെമി ഫൈനല്‍ അരങ്ങേറും. നവംബര്‍ 14ന് ദുബായിലാണ് ഫൈനല്‍ . സെമി-ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനം ഉണ്ടാകുമെന്ന് ഐസിസി അറിയിച്ചു.
ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ്, കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് അറേബ്യന്‍ മണ്ണിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്. 2020ല്‍ ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് വ്യാപനം മൂലം ആദ്യം ഇന്ത്യയിലേക്ക് മാറ്റുകയും പിന്നീട് അവിടുന്ന് യുഎഇലേക്ക് മാറ്റുകയായിരുന്നു.