ഈ വെള്ളി മെഡലിന് രാജ്യം ഈ അച്ഛനോടും കടപ്പെട്ടിരിക്കുന്നു..

ഈ വെള്ളി മെഡലിന് രാജ്യം ഈ അച്ഛനോടും കടപ്പെട്ടിരിക്കുന്നു..

പാട്ടത്തിനെടുത്ത വയലില്‍ കൃഷി ചെയ്ത് മകന്‍റെ പോരാട്ടത്തിനായി വീര്യം പകര്‍ന്ന ഒരു അച്ഛനോട് കടപ്പെട്ടിരിക്കുകയാണ് രാജ്യം. കിലോമീറ്ററുകളോളം മകന്‍റെ പരിശീലനത്തിനായി യാത്ര ചെയ്ത് അവന് വേണ്ടതെല്ലാം ഒരുക്കിയ അച്ഛന്‍റെ സമര്‍പ്പണം കൂടിയാണ് ഒളിമ്ബിക്സില്‍ രവികുമാര്‍ ദഹിയ നേടിയ വെള്ളി മെഡല്‍

ഹരിയാനയിലെ സോണിപത് ജില്ലയില്‍ നഹ്റി ഗ്രാമത്തിലെ കര്‍ഷക കുടുംബത്തിലെ അംഗം. ഫയല്‍വാന്‍മാരുടെ ഗ്രാമമാണ് നഹ്റി. ഇവിടെ പിറന്ന് വീഴുന്ന ഏതൊരു കുഞ്ഞിനെയും പോലെ ഗുസ്തി പിടിച്ച്‌ വളര്‍ന്നു രവികുമാര്‍. പക്ഷേ ആ പരിശീലനത്തില്‍ നിര്‍ത്തിയില്ല രവികുമാറിന്‍റെ അച്ഛന്‍ രാകേഷ് കുമാര്‍. മകനെ മികച്ച പരിശീലനത്തിനയച്ചു. 60 കിലോമീറ്റര്‍ അകലെയുള്ള പരിശീലന കേന്ദ്രത്തിലേക്ക് മകനായി രണ്ട് നേരവും കിലോമീറ്ററുകള്‍ നടന്നും ട്രെയിന്‍ കയറിയും പാലും വെണ്ണയുമെത്തിച്ചു. ആ അച്ഛന്‍റെ ദൃഢനിശ്ചയവും അര്‍പ്പണവുമാണ് ടോക്യോയിലെ ഗോദയിലെ തിളക്കം.

പത്താം വയസ്സിലാണ് രവികുമാര്‍ ദഹിയ ഇന്ത്യക്ക് ഒളിമ്ബ്യന്‍മാരെ സമ്മാനിച്ച പരിശീലന്‍ സത്പാല്‍ സിംഗിന്‍റെ സമീപമെത്തുന്നത്. 2015ല്‍ ലോക ജൂനിയര്‍ ഗുസ്തി ചാമ്ബ്യന്‍ഷിപ്പില്‍ വെള്ളി നേടി വരവറിയിച്ചു. ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പില്‍ രണ്ട് തവണ സ്വര്‍ണം നേടി. ഈ 23കാരന്‍ ടോക്യോയിലെ ഗോദയില്‍ ഇങ്ങനെ തിളങ്ങി നില്‍ക്കുമ്ബോള്‍ ഫയല്‍വാന്‍മാരുടെ ഗ്രാമത്തിലെ വളര്‍ന്ന് വരുന്ന തലമുറകള്‍ വരും നാളുകളിലെ ഒളിമ്ബിക്സുകളിലേക്കുള്ള പരിശീലനത്തിലാണ്.

രവി കുമാര്‍ മടങ്ങിവരുന്നതും കാത്തിരിക്കുകയാണ് നഹ്റി ഗ്രാമം. എപ്പോഴും പവര്‍കട്ടുള്ള വല്ലപ്പോഴും വൈദ്യുതിയെത്തുന്ന നാട്. ആശുപത്രിയിലെത്താന്‍ മണിക്കൂറുകള്‍ നടക്കണം. ഒളിമ്ബിക്സിലെ മെഡല്‍ ജേതാവ് സോണിപതിലെത്തുമ്ബോള്‍ ഈ ഗ്രാമക്കാര്‍ക്ക് പ്രതീക്ഷകളുണ്ട്.. തങ്ങളുടെ നാടിന് പരിഗണന ലഭിക്കുമെന്ന പ്രതീക്ഷ.