മഹാരാജാസിൽ നിന്ന് പി.ടി.യുടെ മനസ്സിലേക്കും, പിന്നെ നിയമസഭയിലേക്കും, ഉമ തോമസ്!

കൊച്ചി: വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും മഹാരാജാസ് കോളേജ് ഉമാ തോമസിന്‍റെ ഭാഗ്യ ഇടങ്ങളിലൊന്നാണ്. പി. ടി. തോമസിനെ ആദ്യമായി കണ്ടതും പി. ടി. ക്ക് പിന്നാലെ നിയമസഭയിലെത്തുന്നതും മഹാരാജാസിന്റെ അകത്തളങ്ങളില്‍ നിന്നാണ്. ഇവിടെ നടന്ന വോട്ടെണ്ണലിൽ പി.ടി.യ്ക്ക് കഴിഞ്ഞ തവണ കിട്ടിയതിനേക്കാൾ കൂടുതൽ വോട്ടോടെ ഉമ തോമസ് നിയമസഭയിലേക്ക് നടന്നു കയറുമ്പോൾ, തൃക്കാക്കരയുടെ ഉത്തരം വ്യക്തമാണ്. കെ കെ രമ കഴിഞ്ഞാൽ, യുഡിഎഫിലെ രണ്ടാമത്തെ വനിതാ എംഎൽഎ. കോൺഗ്രസിന്‍റെ നിയമസഭയിലെ ഏക വനിതാസാന്നിധ്യം - ഉമ തോമസ്.
മഹാരാജാസിലെ മാഗസിൻ താളുകളിൽ...
ആമുഖങ്ങളില്ലാതെ കേരള വിദ്യാര്‍ഥി യൂണിയന്റെ സ്ഥാനാര്‍ഥി പരിചയ പുസ്തകത്തിന്റെ രണ്ടാംപേജില്‍ അച്ചടിച്ചുവന്ന ഒറ്റപ്പേര്. ഉമ. ഒറ്റപ്പാട്ടു കൊണ്ട് ആദ്യം പി.ടി തോമസിന്റെ ഹൃദയത്തിലേക്കും പിന്നെ ജീവിതത്തിലേക്കും കയറിച്ചെന്നു ഉമ.
എണ്‍പതുകളുടെ തുടക്കത്തില്‍ മഹാരാജാസ് കോളജില്‍ നിന്ന് രണ്ടു തവണ യൂണിയന്‍ ഭാരവാഹിയായതാണ് ഉമയുടെ സംഘടനാ ജീവിതത്തിലെ അവസാനത്തെ അധ്യായം. രാഷ്ട്രീയ കേരളത്തില്‍ പുതിയ ഏടുകള്‍ തുറക്കുമ്പോൾ അവര്‍ പി.ടി.യുടെ ഭാര്യയെന്ന ഒറ്റ മേല്‍വിലാസത്തിലൊതുങ്ങി നില്‍ക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ലഭിച്ച ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ഉമ ലക്ഷണമൊത്തൊരു രാഷ്ട്രീയക്കാരിയായി ഉയര്‍ന്നു. കുറിക്കുകൊളളുന്ന മറുപടികള്‍ അങ്ങനെ പിറന്നവയാണ്. ഇടതുപക്ഷം സെഞ്ച്വറിയടിക്കുമെന്ന കൂറ്റന്‍ പ്രചരണത്തെ ഉമ നിഷ്പ്രഭമാക്കിയത് ഒറ്റവാചകം കൊണ്ട്. ''ഇടതുപക്ഷം സെഞ്ച്വറിയടിച്ചാലോ?'' എന്ന ചോദ്യത്തിന് ''അതെന്താ 99-ൽ നിർത്തിക്കൂടേ?'', എന്ന് ഉരുളയ്ക്കുപ്പേരി പോലെ തിരിച്ചടിച്ചു ഉമ.
തടുക്കാന്‍ എളുപ്പമല്ലാത്ത പിണറായിയുടെ വാക്ശരങ്ങള്‍ക്ക് പോലും ഉശിരന്‍ മറുപടി നല്‍കിയ ഉമ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ പോലും അമ്പരപ്പിച്ചു. രാഷ്ട്രീയത്തില്‍ പി.ടി തോമസിന് ശിഷ്യരേറെയുണ്ട്, പിന്‍ഗാമി ഒരാള്‍ മാത്രം. 1987 ജൂലൈ 9-ന് പി.ടി.യുടെ ജീവിതത്തിലേക്ക് കയറിവന്ന, നിയമസഭയുടെ പടികള്‍ കയറാനിരിക്കുന്ന ഉമാ തോമസ്.
അൻപത്തിയാറുകാരിയായ ഉമ തോമസ് മഹാരാജാസിലെത്തുന്നത് 1980 - 85 കാലയളവിലാണ് പ്രീഡിഗ്രി, ഡിഗ്രി വിദ്യാഭ്യാസത്തിനായി എത്തിയത്. 82-ൽ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു.വിന്റെ പാനലിൽ വനിതാ പ്രതിനിധിയായി വിജയിച്ചു. 84 ൽ കെ.എസ്.യു.വിന്റെ പാനലിൽ വൈസ് ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നെ ബിഎസ്‍സി സുവോളജി വിദ്യാർത്ഥിനിയായിരിക്കേയാണ് അന്ന് കെഎസ്‍യു സംസ്ഥാനപ്രസിഡന്‍റായിരുന്ന പി ടി തോമസിന്‍റെ ഹൃദയം തൊട്ടത്. ഇന്ന് ഹൃദയരോഗവിദഗ്ധനായ ഡോ. ജോ ജോസഫിനെ തോൽപ്പിച്ച് തൃക്കാക്കരയുടെ ഹൃദയം കവരുന്നു ഉമ തോമസ്.
കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ഫിനാൻസ് വിഭാഗത്തിലെ അസിസ്റ്റന്‍റ് മാനേജറും വീട്ടമ്മയുമായിരുന്ന ഉമ തോമസ് ഇനി തൃക്കാക്കരയെ പ്രതിനിധീകരിക്കുന്ന എംഎൽഎയാകും.
2 മക്കളാണ് പി.ടി.ക്കും ഉമയ്ക്കും: ഡോ.വിഷ്ണു തോമസ് (അസി. പ്രൊഫസർ , അൽ അസർ ഡെന്‍റൽ കോളേജ്, തൊടുപുഴ), വിവേക് തോമസ് (നിയമ വിദ്യാർത്ഥി, ഗവ. ലോ കോളേജ്, തൃശൂർ)
മരുമകൾ : ഡോ.ബിന്ദു അബി തമ്പാൻ (മഴുവഞ്ചേരി സ്പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക്, ആലുവ)