രണ്ട് ദിവസം അവധി, രണ്ട് ദിവസം പണിമുടക്ക്; ഇനി നാല് ദിവസം ബാങ്കില്ല !

രണ്ട് ദിവസം അവധി, രണ്ട് ദിവസം പണിമുടക്ക്; ഇനി നാല് ദിവസം ബാങ്കില്ല !

കൊച്ചി: ഇന്നു മുതൽ നാല് ദിവസം സംസ്ഥാനത്ത് ബാങ്കുകൾ അടഞ്ഞ് കിടക്കും. ശനിയും ഞായറും ബാങ്ക് അവധി ദിവസങ്ങളാണ്. അതിന് ശേഷമെത്തുന്ന തിങ്കളും ചൊവ്വയും ട്രേഡ് യൂണിയൻ പണിമുടക്കിൽ ബാങ്ക് ജീവനക്കാരും പങ്കെടുക്കുന്നതിനാൽ നാല് ദിവസം ബാങ്ക് സേവനങ്ങൾ ലഭ്യമാവില്ല. ഓണ്‍ലൈൻ ഇടപാടുകളെ സമരം ബാധിക്കില്ലെന്നാണ് പ്രതീക്ഷ. 

അതിനിടെ സഹകരണ ബാങ്കുകൾക്ക് ഇന്നും നാളെയും തുറന്ന് പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സഹകരണ രജിസ്ട്രാറാണ് ഉത്തരവിറക്കിയത്. ഇന്ന് ശനിയാഴ്ച്ച പൂർണമായും നാളെ ഞായറാഴ്ച്ച അതാത് ഭരണ സമിതി തീരുമാനപ്രകാരവും സഹകരണ ബാങ്കുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാണ് ഉത്തരവ്. തിങ്കൾ, ചൊവ്വ ദേശീയ പണിമുടക്കിനെ തുടർന്നാണ് ശനി, ഞായർ ദിവസങ്ങളിലെ അവധി റദ്ദാക്കി ഉത്തരവിറക്കിയത്.

നാല് ദിവസം തുടർച്ചയായി ബാങ്ക് അടഞ്ഞ് കിടക്കുന്നത് ബാങ്കിൽ നേരിട്ടെത്തേണ്ട ആവശ്യക്കാർക്കും ഓണ്‍ലൈൻ ഇടപാട് പരിചയമില്ലാത്തവർക്കും പ്രതിസന്ധിയാവും. 30, 31 തീയ്യതികളിൽ പ്രവർത്തിച്ചതിന് ശേഷം വാർഷിക കണക്കെടുപ്പായതിനാൽ ഏപ്രിൽ ഒന്നിന്  വീണ്ടും അവധിയായിരിക്കും. 

ബാങ്ക് ജീവനക്കാരുടെ ഒൻപത് സംഘടനകളിൽ സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും അംഗങ്ങളായ മൂന്ന് സംഘനടകൾ സംസ്ഥാനത്ത് പണി മുടക്കുന്നുണ്ട്. ബാങ്ക് സ്വകാര്യ വൽക്കരണം, പുറം കരാർ തുടങ്ങിയവ ഉപേക്ഷിക്കുക, നിക്ഷേപ പലിശ വർധിപ്പിക്കുക, കിട്ടാക്കടങ്ങൾ തിരിച്ച് പിടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്കിൽ അണിചേരുന്നത്. 

ദേശസാൽകൃത ബാങ്കുകളുടെയും സഹകരണ ഗ്രാമീണ്‍ ബാങ്കുകളുടെയും പരമ്പരാഗത സ്വകാര്യ ബാങ്കുകളുടെയും പ്രവർത്തനം തടസ്സപ്പെടും. അതേസമയം എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസി ബാങ്ക് പോലുള്ള പുതുതലമുറ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടാനിടയില്ല. പ്രധാന സംഘടന പണിമുടക്കിൽ പങ്കെടുക്കാത്തത് കാരണം സ്റ്റേറ്റ് ബാങ്കിന്‍റെ പ്രവർത്തനങ്ങളും തടസപ്പെടില്ലെന്ന് ജീവനക്കാർ അറിയിച്ചു.