കപിൽദേവിന്റെ സെഞ്ച്വറി. കപിൽദേവിന്റെ ലോക റെക്കോർഡ്???

കപിൽദേവിന്റെ സെഞ്ച്വറി. കപിൽദേവിന്റെ ലോക റെക്കോർഡ്???

ലോക ക്രിക്കറ്റിലെ വളരെ അവിസ്മരണീയമായ പ്രകടനങ്ങളിലൊന്നാണ് 1983 ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരെ കപിൽദേവിന്റെ സെഞ്ച്വറി. കപിൽദേവിന്റെ ലോക റെക്കോർഡ് പ്രകടനം കാണാൻ കഴിഞ്ഞത് സ്റ്റേഡിയത്തിൽ പോയി കളി കണ്ടവർക്ക് മാത്രമാണ്. ക്രിക്കറ്റ് പ്രേമികൾ എക്കാലത്തും കാണാൻ ആഗ്രഹിക്കുന്ന വീഡിയോവാണ് സിംബാബ്വെയ്‌ക്കെതിരെ കപിൽ നേടിയ 175 റൺസിന്റെ മാസ്മരിക പ്രകടനം. ഇതിന്റെ വീഡിയോ യൂട്യൂബിലും മറ്റും ഇന്നും നിരവധി പേർ തിരയുന്നുണ്ടെങ്കിലും നിരാശയാണ് ഫലം. എന്നാൽ ഇതിനു പിന്നിലെ യഥാർഥ കാരണം ഇന്നും പലർക്കും അറിയില്ല. എന്താണ് അന്ന് ഇംഗ്ലണ്ടിൽ സംഭവിച്ചത്?

ലോകം കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഇന്ത്യയുടെ കപിൽദേവ്. 1983ൽ ഇന്ത്യക്ക് ലോകകപ്പ് ക്രിക്കറ്റ് നേടികൊടുത്ത കപിൽദേവിന് അക്കാലത്ത് ദേശീയ നായകന്റെ പരിവേഷമായിരുന്നു. ശരാശരി നിലവാരം പോലുമില്ലാത്ത ഇന്ത്യൻ ടീമിനെ കിരീടത്തിലേക്ക് നയിച്ച കപിൽദേവ് കളിക്കളത്തിൽ തികഞ്ഞ പോരാളിയാണ്. ടൂർണമെന്റിലെ ഇന്ത്യയുടെ അഞ്ചാം മത്സരത്തിൽ ആ അത്ഭുത പ്രകടനത്തിന് സാക്ഷിയായത്. ദുർബലരായ സിംബാബ്വെ ആയിരുന്നു എതിരാളി. ടൂർണ്ണമെന്റിൽ നിലനിൽക്കാൻ ആ മത്സരം ജയിക്കേണ്ടത് കപിലിനും കൂട്ടർക്കും അനിവാര്യമായിരുന്നു.

ട്രൻബ്രിഡ്ജ്വെൽസിൽ നടന്ന കളിയിൽ ഇന്ത്യയുടെ തുടക്കം ഒട്ടും ശുഭകരമായിരുന്നില്ല. പിച്ചിലെ ഈർപ്പത്തിന്റെ ആനുകൂല്യം സിംബാബ്‌വെ ബൗളർമാർ മുതലെടുത്തു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യക്ക് ഒരറ്റത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ആറാമനായി കപിൽദേവ് ക്രീസിൽ എത്തുബോൾ സ്‌കോർബോർഡിൽ വെറും 9 റൺസ്. 17 റൺസിനിടെ അഞ്ചാമത്തെ വിക്കറ്റും കൊഴിഞ്ഞു. ഇന്ത്യ മൂന്നക്കം കാണാതെ നാണംകെട്ടതോൽവിയോടെ ഇംഗ്ലണ്ടിൽ നിന്ന് മടങ്ങുമെന്ന് തോന്നിച്ച നിമിഷങ്ങൾ. എന്നാൽ പിന്നെ സ്റ്റേഡിയം കണ്ടത് അവിശ്വസനീയമായ ഒരു തിരിച്ചുവരവായിരുന്നു. അതിനു നേതൃത്വം നൽകിയത് നായകൻ കപിൽദേവും.

വലിയ തകർച്ചയിൽ നിന്ന് ഇന്ത്യയെ കപിൽദേവ് എന്ന 23കാരൻ കരകയറ്റിയത് ചരിത്രത്തിന്റെ സുവർണ്ണ ഏടുകളിലാണ് സ്ഥനം പിടിച്ചത്. വാലറ്റത്തെ കൂട്ടുപിടിച്ച് കപിൽ സ്‌കോർബോർഡ് ചലിപ്പിച്ചു. 138 പന്തുകൾ നേരിട്ട ഹരിയാന കൊടുങ്കാറ്റ് 16 ബൗണ്ടറികളും ആറ് സിക്‌സറുകളും പറത്തി 175 റൺസുമായി പുറത്താകാതെ നിന്നു. ക്രിക്കറ്റ് മൈതാനത്തെ ത്രസിപ്പിച്ച പ്രകടനം ടെലിവിഷനിലൂടെ കാണാൻ കഴിയാതിരുന്നത് കായികപ്രേമികളെ സംബന്ധിച്ചെടുത്തോളം വലിയ നഷ്ടമാണ്. ചാമ്പ്യൻഷിപ്പിന്റെ സംപ്രേക്ഷണാവകാശം ബിബിസിക്കായിരുന്നു. എന്നാൽ ബിബിസി ജീവനക്കാർ നടത്തിയ ഏകദിന പണിമുടക്കാണ് ഇന്ത്യ-സിംബാംബ്വെ മത്സരത്തിന്റെ സംപ്രേക്ഷണം മുടങ്ങാനിടയാക്കിയത്. അന്ന് ലോർഡ്സിൽ നടന്ന ഓസ്‌ട്രേലിയയും വെസ്റ്റ് ഇൻഡീസും തമ്മിലുണ്ടായ മറ്റൊരു മത്സരവും ക്യാമറയിൽ പകർത്തിയിരുന്നില്ല.

ലോക റെക്കോർഡ് നേടിയ ഇന്ത്യൻ നായകനെ ടീമംഗങ്ങളും കാണികളും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് അഭിനന്ദിച്ചപ്പോൾ കാര്യം എന്തെന്ന് അറിയാതെ ക്രീസിൽ അന്തം വിട്ട് നിൽക്കുകയായിരുന്നു കപിൽദേവ്. കളിക്കുബോൾ ഒരിക്കലും സ്‌കോർബോർഡിൽ നോക്കിയിരുന്നില്ലെന്നാണ് കപിൽ പിന്നീട് ഇതിനെ കുറിച്ച് പറഞ്ഞത്. തന്റെ റെക്കോർഡ് പ്രകടനം സംപ്രേക്ഷണം ചെയ്യാത്തതിൽ ഖേദമില്ലെന്നും കപിൽ മാദ്ധ്യമങ്ങളോട് തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ത്യക്കാരെ സംബന്ധിച്ചെടുത്തോളം തീരാനഷ്ടമാണ് അന്ന് ഇംഗ്ലണ്ടിൽ സംഭവിച്ചത്.