ക്രുണാല്‍ പാണ്ഡ്യയ്ക്ക് കോവിഡ്; ഇന്‍ഡ്യ - ശ്രീലങ്ക രണ്ടാം ട്വന്റി20 മത്സരം നീട്ടിവച്ചു

കൊളംബോ: ( 27.07.2021) ഇന്‍ഡ്യന്‍ ടീമില്‍ കോവിഡ് കേസ് റിപോര്‍ട് ചെയ്ത സാഹചര്യത്തില്‍ ഇന്‍ഡ്യ - ശ്രീലങ്ക രണ്ടാം ട്വന്റി20 മത്സരം നീട്ടിവച്ചു. കൊളംബോ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരമാണ് നീട്ടിവച്ചത്. ഓള്‍റൗന്‍ഡര്‍ ക്രുണാല്‍ പാണ്ഡ്യയ്ക്കാണ് കോവിഡ് ബാധിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്. ചൊവ്വാഴ്ച രാത്രി എട്ടു മണിക്കാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്.
നീട്ടിവച്ച മത്സരം ബുധനാഴ്ച നടക്കുമെന്നാണ് അറിയുന്നത്. വെള്ളിയാഴ്ചയാണ് പരമ്ബരയിലെ അവസാന മത്സരം. നേരത്തെ, ഇന്‍ഗ്ലന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്‍ഡ്യന്‍ ടെസ്റ്റ് ടീമിലും കോവിഡ് റിപോര്‍ട് ചെയ്തിരുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനു ശേഷമുള്ള ഇടവേളയിലാണ് വികെറ്റ് കീപെര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പന്തും താരവുമായി അടുത്തിടപഴകിയ വൃദ്ധിമാന്‍ സാഹ ഉള്‍പെടെയുള്ള താരങ്ങളും ഐസൊലേഷനിലേക്കു മാറിയിരുന്നു. കോവിഡ് മുക്തനായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസാണ് താരം തിരികെ ടീമിനൊപ്പം ചേര്‍ന്നത്.