Tokyo Olympics| ഹോക്കി: ജപ്പാനെതിരേ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ; ആവേശപ്പോരാട്ടത്തില്‍ ഇന്ത്യന്‍ ജയം 5-3ന്

പുരുഷ ഹോക്കിയില്‍ ജയം തുടര്‍ന്ന് ഇന്ത്യ. പൂള്‍ എയിലെ അവസാന മത്സരത്തില്‍ ആതിഥേയരായ ജപ്പാനെ 5-3 എന്ന സ്കോറിനാണ് ഇന്ത്യന്‍ സംഘം തകര്‍ത്തുവിട്ടത്. പൂളില്‍ ആറ് മത്സരങ്ങളില്‍ നാല് ജയങ്ങള്‍ നേടിയ ഇന്ത്യ രണ്ടാം സ്ഥാനം നേടി. ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്.
നേരത്തെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നതിനാല്‍ ഇന്നത്തെ മത്സരഫലം ഇന്ത്യക്ക് നിര്‍ണായകമല്ലായിരുന്നു. പക്ഷെ ജയം ലക്ഷ്യം വച്ചിറങ്ങിയ ഇന്ത്യന്‍ സംഘം ജപ്പാനെ ഗോള്‍മഴയില്‍ മുക്കുന്ന കാഴ്ചയാണ് കണ്ടത്. വിട്ടുകൊടുക്കാതെ ജപ്പാനും പോരാടിയപ്പോള്‍ ആവേശകരമായ മത്സരത്തിനാണ് വഴി ഒരുങ്ങിയത്. ഇന്ത്യക്കായി ഗുര്‍ജന്ത് സിങ്ങ് ഇരട്ട ഗോള്‍ നേടി. ഹര്‍മന്‍പ്രീത് സിങ്ങും നിലാകാന്ത ശര്‍മയും ഷംസേര്‍ സിങ്ങുമാണ് മറ്റു ഗോള്‍ സ്‌കോറര്‍മാര്‍. ആദ്യം മുതലേ ആക്രമിച്ചു കളിച്ച ഇന്ത്യ തുടക്കത്തില്‍ തന്നെ രണ്ട് ഗോളിന്റെ ലീഡ് നേടിയെടുത്തു. കളി തുടങ്ങി 13ാം മിനിറ്റിലാണ് ഇന്ത്യ ഗോള്‍ നേടി ലീഡ് സ്വന്തമാക്കിയത്. ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഹര്‍മന്‍പ്രീത് സിങാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. ഒളിമ്ബിക്സില്‍ താരം നേടുന്ന നാലാം ഗോളാണ് ഇത്. പിന്നാലെ 17ാം മിനിറ്റില്‍ ഗുര്‍ജന്ത് സിങിലൂടെ ഇന്ത്യ രണ്ടാം ഗോളും നേടി. എന്നാല്‍ പൊരുതാനുറച്ച് ഇറങ്ങിയ ആതിഥേയര്‍ രണ്ട് മിനിറ്റിനുള്ളില്‍ ഒരു ഗോള്‍ മടക്കി.
ഇരു ടീമുകളും ഗോള്‍ നേടാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ഇതിനിടെ രണ്ടാം പകുതിയില്‍ മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ 33ാം മിനിറ്റില്‍ ജപ്പാന്‍ ഒരു ഗോള്‍ കൂടി നേടി ഇന്ത്യയെ സമനിലയില്‍ പിടിച്ചു. എന്നാല്‍ ജയം ലക്ഷ്യം വെച്ചിറങ്ങിയ ഇന്ത്യന്‍ സംഘം ആക്രമണം വര്‍ധിപ്പിച്ച് അവരുടെ മൂന്നാം ഗോള്‍ നേടി തിരിച്ചടിച്ചു. ഫീല്‍ഡ് ഗോളിലൂടെ ഷംസേര്‍ സിങാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്.
പിന്നാലെ നാലാം ക്വാര്‍ട്ടറില്‍ 51ാം മിനിറ്റില്‍ നിലാകാന്ത ശര്‍മയിലൂടെ ഇന്ത്യ നാലാം ഗോളും നേടി ലീഡ് ഉയര്‍ത്തി. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ 57ാം മിനിറ്റില്‍ ഗുര്‍ജന്ത് തന്റെ രണ്ടാം ഗോളിലൂടെ ഇന്ത്യയുടെ അഞ്ചാം ഗോള്‍ നേടി ലീഡ് വീണ്ടും ഉയര്‍ത്തി ജപ്പാന് തിരിച്ചുവരാനുള്ള അവസരം ഇല്ലാതാക്കി. പിന്നീട് കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ജപ്പാന്‍ ഒരു ഗോള്‍ കൂടി നേടി തോല്‍വിയുടെ കാണാം കുറച്ചു.
പൂള്‍ എയില്‍ അഞ്ചു മത്സരങ്ങളില്‍ നാലെണ്ണത്തിലും വിജയിച്ച ഇന്ത്യ ഒരൊറ്റ മത്സരം മാത്രമാണ് തോറ്റത്. ന്യൂസിലാന്‍ഡിനെ 3-2നു തോല്‍പ്പിച്ചായിരുന്നു ഹോക്കിയില്‍ ഇന്ത്യയുടെ തുടക്കം. തൊട്ടടുത്ത കളിയില്‍ ഓസ്‌ട്രേലിയയോടു 1-7നു നാണംകെട്ടെങ്കിലും ഇന്ത്യ തളര്‍ന്നില്ല. സ്‌പെയിനിനെ 3-0നും ഒളിമ്ബിക് ചാമ്ബ്യന്മാരായ അര്‍ജന്റീനയെ 3-1നും തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയായിരുന്നു.
വനിതാ ഹോക്കിയില്‍ ആശ്വാസ ജയം, നേരീയ പ്രതീക്ഷ
തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന് ശക്തമായ തിരിച്ചുവരവുമായി ഇന്ത്യന്‍ വനിതകള്‍. അയര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടൂര്‍ണമെന്റിലെ ആദ്യ ജയം കുറിച്ചത്. മത്സരം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ നവ്‌നീത് കൗര്‍ നേടിയ ഗോളിലായിരുന്നു ഇന്ത്യ ജയം ഉറപ്പിച്ചത്.