പ്രദീപിന് ജന്മനാട് കണ്ണീരോടെ വിടനല്‍കി.

കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന് ജന്മനാട് കണ്ണീരോടെ വിടനല്‍കി. സൈനിക ബഹുമതികളോടെ സംസ്‌ക്കാരം തൃശ്ശൂരിലെ പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ നടന്നു. പ്രദീപിന്റെ മകന്‍ ദക്ഷിണ ദേവാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേരള പൊലീസ് അന്തിമോപചാരം അര്‍പ്പിച്ചു. കേരള പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിന് പിന്നാലെ വ്യോമസേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരം അര്‍പ്പിച്ചു. സംസ്‌ക്കാരത്തിന് മുമ്പായി പ്രദീപിന്റെ യൂണിഫോം വ്യോമസേന കുടുംബത്തിന് കൈമാറി. പ്രദീപ് പഠിച്ച പുത്തൂര്‍ സ്‌കൂളില്‍ നടന്ന പൊതുദര്‍ശനത്തിലും വീട്ടിലും ആയിരങ്ങളാണ് അന്തിമോപചരാം അര്‍പ്പിക്കാനായി എത്തിയത്.