ശബരിമല ഹലാല്‍ ശര്‍ക്കര വിവാദം; ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ശബരിമല ഹലാല്‍ ശര്‍ക്കര വിവാദം; ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

അറബ് രാജ്യങ്ങളിലേക്കടക്കം കയറ്റുമതി ചെയ്യുന്നതുകൊണ്ടാണ് ശര്‍ക്കര ചാക്കുകളില്‍ ഹലാല്‍ മുദ്ര ഉണ്ടായതെന്നും ദേവസ്വം ബോര്‍ഡ് വാക്കാല്‍ അറിയിച്ചു

കൊച്ചി : ശബരിമലയില്‍ (Sabarimala) അപ്പം, അരവണ നിര്‍മ്മാണത്തിന് ഹലാല്‍ മുദ്ര പതിപ്പിച്ചെന്ന ആരോപണത്തില്‍ ഹൈക്കോടതി (High Court) ദേവസ്വം ബോര്‍ഡിന്റെ നിലപാട് തേടി. ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്. ജെ. ആര്‍ കുമാര്‍ നല്‍കിയ ഹര്‍ജിയാലാണ് കോടതി ഇടപെടല്‍. വിഷയത്തില്‍ നാളെ നിലപാട് അറിയിയ്ക്കണമെന്ന് കോടതി വ്യക്തമാക്കി. സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടും നല്‍കണം.

അപ്പം, അരവണ പ്രസാദത്തിനുപയോഗിച്ച ഏതാനും ശര്‍ക്കര പാക്കറ്റുകളില്‍ മാത്രമാണ് മുദ്രയുണ്ടായിരുന്നതെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. കയറ്റുമതി നിലവാരമുള്ള ശര്‍ക്കരയാണിത്. അറബ് രാജ്യങ്ങളിലേക്കടക്കം കയറ്റുമതി ചെയ്യുന്നതുകൊണ്ടാണ് ശര്‍ക്കര ചാക്കുകളില്‍ ഹലാല്‍ മുദ്ര ഉണ്ടായതെന്നും ദേവസ്വം ബോര്‍ഡ് വാക്കാല്‍ അറിയിച്ചു.

മറ്റ് മതസ്ഥരുടെ മുദ്രവെച്ച ആഹാര സാധനങ്ങള്‍ ശബരിമലയില്‍ ഉപയോഗിയ്ക്കാന്‍ പാടില്ലെന്ന കീഴ് വഴക്കം ദേവസ്വം ബോര്‍ഡ് ലംഘിച്ചിരിക്കുകയാണെന്ന് ഹര്‍ജിയില്‍ ആരോപിയ്ക്കുന്നു. കയറ്റുതി യോഗ്യതകളുണ്ടായിട്ടും ഭക്ഷ്യയോഗ്യമല്ലാത്തതിനാലാണ് ഹലാല്‍ മുദ്രപതിച്ച ശര്‍ക്കര കുറഞ്ഞ വിലയ്ക്ക് ബോര്‍ഡിന് ലഭിച്ചത്. ഇത്തരത്തില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര ഉപയോഗിച്ച് പ്രസാദം നിര്‍മ്മിച്ചത് ഗുരുതരമായ കുറ്റമാണ്. ലേലത്തില്‍ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പിടിച്ചെടുത്ത് നശിപ്പിയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ ശബരിമല ദർശനത്തിന് വ്യാഴാഴ്ച മുതൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പത്ത് ഇടത്താവളങ്ങളിലാണ് ക്രമീകരണം. മുൻകൂർബുക്ക് ചെയ്യാത്ത തീർഥാടകർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്തി ദർശനം നടത്താം. വെർച്വൽക്യൂവിന് പുറമെയാണിത്. ഇടത്താവളങ്ങളിലടക്കം സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യം ഏർപ്പെടുത്തുന്ന കാര്യത്തിൽ ദേവസ്വവും സർക്കാരും ആലോചിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. എവിടെയൊക്കെ സ്പോട്ട് ബുക്കിങ് സൗകര്യം ലഭ്യമാണെന്നത് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനും ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. വെർച്വൽക്യൂവിന്റെ നിയന്ത്രണം ദേവസ്വത്തിന് കൈമാറണമെന്നാവശ്യപ്പെടുന്ന ഹർജികൾ പരിഗണിക്കവെ ആയിരുന്നു ഇത്.