തീരുമാനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്‍പേ മാധ്യമങ്ങളില്‍; കോവിഡ് അവലോകന യോഗത്തില്‍ അതൃപ്തി അറിയിച്ച്‌ മുഖ്യമന്ത്രി; റിപ്പോര്‍ട്ടുകള്‍ 'ചോരുന്നത്' ആവര്‍ത്തിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം

തീരുമാനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്‍പേ മാധ്യമങ്ങളില്‍; കോവിഡ് അവലോകന യോഗത്തില്‍ അതൃപ്തി അറിയിച്ച്‌ മുഖ്യമന്ത്രി; റിപ്പോര്‍ട്ടുകള്‍ 'ചോരുന്നത്' ആവര്‍ത്തിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ കോവിഡ് അവലോകന യോഗത്തിലെ തീരുമാനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്‍പ് മാധ്യമങ്ങളില്‍ വരുന്നതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗത്തില്‍ ഉയര്‍ന്നു വരുന്ന നിര്‍ദേശങ്ങള്‍ തീരുമാനം ആകുന്നതിനു മുന്‍പ് സര്‍ക്കാര്‍ തീരുമാനമായി മാധ്യമങ്ങളില്‍ വരുന്നതിലാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി ഓഗസ്റ്റ് 7ന് ചേര്‍ന്ന അവലോകന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സര്‍ക്കാര്‍ യോഗതീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്ബെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെയാണ് കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. യോഗത്തിന്റെ മിനിട്ട്‌സില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്.

ഏറെക്കാലമായി യോഗത്തിന്റെ മിനിട്ട്‌സ് സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നില്ല. ജൂലൈ 30നു നടന്ന യോഗത്തിലാണു കടുത്ത കോവിഡ് നിയന്ത്രണങ്ങളുമായി ഏറെക്കാലം മുന്നോട്ടുപോകാനാകില്ലെന്നും ഇളവുകളെക്കുറിച്ച്‌ ആലോചിക്കാനും മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചത്. ഇതു മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു

പല ജില്ലകളിലും മുന്‍ഗണനാ വിഭാഗങ്ങള്‍ക്കു വാക്‌സിനേഷന്‍ പൂര്‍ത്തിയാകാത്തതിനാല്‍ നിശ്ചിത ദിവസത്തിനകം തീര്‍ക്കണമെന്നു മുഖ്യമന്ത്രി ഓഗസ്റ്റ് 3നു ചേര്‍ന്ന യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കോവിഡ് വാക്‌സീനുകള്‍ യാതൊരു കാരണവശാലും കൈയില്‍ സൂക്ഷിക്കരുതെന്നും അനുവദിക്കുന്ന വാക്‌സീനുകള്‍ നല്‍കിയശേഷം മാത്രം കൂടുതല്‍ ആവശ്യപ്പെടണമെന്നും ഓഗസ്റ്റ് 7ന് ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനു കര്‍ശന നിര്‍ദ്ദേശം നല്‍കി.

ഓഗസ്റ്റ് 15ന് മുന്‍പ് എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും വാക്‌സീന്‍ നല്‍കാനും നിര്‍ദേശിച്ചു. ഇതിനു മുന്‍പ് ജൂലൈ 23ന് ചേര്‍ന്ന യോഗത്തില്‍, മുന്‍പ് പല കോവിഡ് അവലോകന യോഗങ്ങളിലും പറഞ്ഞതാണെന്നും, സംസ്ഥാനത്തിന്റെ കൈവശമുള്ള വാക്‌സീന്‍ വേഗം നല്‍കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതു കൃത്യമായി ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പിനു കര്‍ശന നിര്‍ദേശവും നല്‍കി. എന്നാല്‍, പലയിടങ്ങളിലും ഇതു പാലിക്കപ്പെട്ടില്ല.

ആകെ 3 ജില്ലകളില്‍ മാത്രമാണ് ടിപിആര്‍ പത്തില്‍ താഴെയുള്ളതെന്നും ഇത് മൂന്നാം തരംഗത്തിന്റെ തുടക്കമാണോ എന്നും ചീഫ് സെക്രട്ടറി ജൂലൈ 23ന് ചേര്‍ന്ന അവലോകന യോഗത്തില്‍ ആശങ്ക അറിയിച്ചു. ജനങ്ങളുടെ ഭാഗത്ത് കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ വീഴ്ച വരുന്നതായി ആരോഗ്യസെക്രട്ടറിയും ഡിജിപിയും ഈ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റീപ്രൊഡക്ഷന്‍ നിരക്ക് ഒന്നിനു മുകളിലാണെന്നും അടുത്ത ഒരു മാസം കോവിഡ് കൂടാനുള്ള സാധ്യതയാണെന്നും ജൂലൈ 30നു ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി അറിയിച്ചു. സംസ്ഥാനത്തെ പതിനായിരത്തോളമുള്ള കോവിഡ് മരണങ്ങളില്‍ കഴിഞ്ഞ ജൂണ്‍ മാസത്തിനുശേഷമാണ് ആറായിരത്തില്‍ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നു ജൂലൈ 27ലെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മരണ റിപ്പോര്‍ട്ടിങ് സംസ്ഥാനതലത്തില്‍നിന്ന് ജില്ലാ തലത്തിലേക്കു മാറ്റിയശേഷമാണു വര്‍ധനവുണ്ടായത്. അതിനാല്‍ ജില്ലകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന കണക്ക് സംസ്ഥാന തലത്തില്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജനത്തിരക്കു കൂടുതലുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്നാണ് കൂടുതല്‍ കോവിഡ് വ്യാപനം സംഭവിക്കുന്നതെന്നും ഇവിടെ കൂടുതല്‍ നിയന്ത്രണം വേണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മരണനിരക്കില്‍ വര്‍ധനയുണ്ടാകുന്നത് എന്താണെന്നു പരിശോധിക്കണമെന്നും പ്രായവ്യത്യാസമനുസരിച്ചുള്ള കണക്കുകള്‍ ഇതിനായി ആവശ്യമാണെന്നും ആരോഗ്യ വിദഗ്ധസമിതി ചെയര്‍മാന്‍ ഈ യോഗത്തെ അറിയിച്ചു. റീ ഇന്‍ഫെക്ഷന്‍, ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍ എന്നിവ വന്നവരുടെ വിവരശേഖരണം എത്രയും വേഗം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.