1.14 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങി; പി വി അന്‍വറിന് ജപ്തി നോട്ടീസ്

മലപ്പുറം: പി വി അന്‍വര്‍ (P V Anvar) എംഎല്‍എയുടെ ഒരു ഏക്കര്‍ ഭൂമി ജപ്തി ചെയ്യാന്‍ ആക്സിസ് ബാങ്ക് (Axis Bank). ബാങ്ക് അന്‍വറിന് ജപ്തി നോട്ടീസ് അയച്ചു. 1.14 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനാലാണ് ജപ്തി. ജപ്തി നടപടിയെക്കുറിച്ച് ബാങ്ക് പത്രപ്പരസ്യം നല്‍കി. അതേസമയം മലപ്പുറം ചീങ്കണ്ണിപ്പാലയില്‍ അന്‍വറിന്‍റെ ഭാര്യാപിതാവിന്‍റെ പേരിലുളള വസ്തുവില്‍ അനുമതിയില്ലാതെ നിര്‍മിച്ച റോപ്‍വേ പൊളിച്ചുനീക്കുന്ന നടപടി ഇന്നും തുടരും.
റോപ് വേയും റോപ് വേ ഉറപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് തുണുകളുമാണ് പൊളിച്ചു നീക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുളള ഓംബുഡ്സ്മാന്‍റെ നിര്‍ദ്ദേശാനുസരണമാണ് നടപടി. ഊർങ്ങാട്ടിരി പഞ്ചായത്ത് 1,47000 രൂപ ചെലവിട്ടാണ് ഈ പ്രവൃത്തി ചെയ്യുന്നത്. അനുമതിയില്ലാതെ നിർമിച്ച റോപ് വേ 10 ദിവസത്തിനകം പൊളിച്ചു നീക്കാനാകുമെന്നാണ് പഞ്ചായത്തിന്റെ കണക്കുകൂട്ടൽ.
ഒരു റോപ് വേ പോയാൽ രോമം പോകുന്നത് പോലെയെന്നായിരുന്നു പി വി അൻവർ ഇന്നലെ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചത്. അൻവറിന്റെ അനധികൃത നിർമ്മാണം അധികാരത്തിന്റേയും സ്വാധീനത്തിന്റേയും പിൻ ബലത്തിലെന്ന് പരാതിക്കാരനായ എം പി വിനോദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. പരാതി നൽകിയതിൽ എംഎൽഎയുടേയും സഹായികളുടേയും ഭീഷണിയുണ്ട്. ഭീഷണിക്ക് വഴങ്ങില്ലെന്നും പരാതികളുമായി മുന്നോട്ടു പോകുമെന്നും എം പി വിനോദ് പറഞ്ഞു.