മൂന്നാം തരംഗത്തില്‍ സുരക്ഷിതത്വം നല്‍കുന്നത് വാക്സിന്‍

മൂന്നാം തരംഗത്തില്‍ സുരക്ഷിതത്വം നല്‍കുന്നത് വാക്സിന്‍

മൂന്നാംതരംഗത്തിൽ വാക്സിന്റെ സംരക്ഷണമുള്ളതിനാൽ മരണം വളരെ കുറവാണെന്ന് ആരോഗ്യമന്ത്രാലയം. രണ്ടാംതരംഗവുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ മരിച്ചവരിൽ കൂടുതലും അനുബന്ധ രോഗങ്ങളുള്ളവരാണ്. അതിനാൽ, അർഹരായവർ കരുതൽഡോസ് നിർബന്ധമായും സ്വീകരിക്കണം. ഈ തരംഗത്തിൽ രോഗം ഗുരുതരമാവാതെ പിടിച്ചുനിൽക്കുന്നതും മരണം കുറയുന്നതും വാക്സിന്റെ സ്വാധീനം കൊണ്ടാണെന്ന് ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ ചൂണ്ടിക്കാട്ടി.

മുതിർന്ന പൗരരിൽ 72 ശതമാനംപേർ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ട്. 94 ശതമാനംപേർ ഒറ്റ ഡോസ് എടുത്തു. 15-നും 18-നും ഇടയിലുള്ള കുട്ടികളിൽ 52 ശതമാനത്തിന് ഒറ്റ ഡോസ് ലഭിച്ചു. പതിനഞ്ചിനു താഴെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നകാര്യം ശാസ്ത്രീയപഠനങ്ങൾക്കുശേഷം തീരുമാനിക്കും. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വാക്സിനേഷൻ പരിപാടി പൂർത്തിയാക്കുകയാണ് ഉടനെയുള്ള ലക്ഷ്യം.

കുട്ടികളിൽ രോഗം താരതമ്യേന കുറവാണെന്നാണ് മുൻകാല അനുഭവം. 2020-ൽ, ആകെ കോവിഡ് രോഗികളിൽ 10 ശതമാനം 19 വയസ്സിൽ താഴെയുള്ളവരായിരുന്നു. 0.96 ശതമാനം ആയിരുന്നു (10,000 ത്തിൽ 96) മരണനിരക്ക്. 2021 ൽ ഇത് 11 ശതമാനവും 0.70 ശതമാനവുമാണ് (10,000 ത്തിൽ 70 മരണം). കുട്ടികളിലെ കോവിഡിൽ വലിയമാറ്റം കഴിഞ്ഞ രണ്ടുവർഷങ്ങളിലും ഉണ്ടായിട്ടില്ല. മുതിർന്നവരിൽ രണ്ടാം ഡോസിന്റെ സമയമായിട്ടും അത് സ്വീകരിക്കാത്തവർ ഒട്ടേറെയുണ്ടെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.