ഡേറ്റിംഗ് വിചാരിച്ചത് പോലെ നന്നായില്ല; ഒരുമിച്ച് കാപ്പി കുടിച്ചതിന് ചെലവായ 350 രൂപ തിരികെ നല്‍കണമെന്ന് യുവാവ്

ആറ് വര്‍ഷം മുമ്പ് പരാജയപ്പെട്ട ആ ഡേറ്റിംഗിന്റെ ക്ലൈമാക്സ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
ഡേറ്റിംഗ് (Dating) എന്നത് ഇന്ത്യയില്‍ അത്ര വ്യാപകമായിട്ടില്ലെങ്കിലും വികസിത രാജ്യങ്ങളില്‍ വളരെ പ്രചാരത്തിലുള്ള ഒന്നാണ്. ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് ജീവിക്കുന്നതിന് മുമ്പ്, ഒന്നോ രണ്ടോ ചിലപ്പോള്‍ അതിലധികമോ ദിവസങ്ങളിൽ ഒരുമിച്ച് കാണുകയും സംസാരിക്കുകയും ചെയ്യുന്നതാണ് പൊതുവെ ഡേറ്റിംഗ് എന്നുകൊണ്ട് ഉദ്ദേശിക്കുന്നത്. തന്റെ പങ്കാളിയില്‍ താന്‍ പ്രതീക്ഷിക്കുന്ന ഗുണങ്ങള്‍ ഉണ്ടോ എന്ന് അറിയുകയാണ് ഡേറ്റിംഗിന്റെ ലക്ഷ്യം. മികച്ച പങ്കാളിയെ കണ്ടെത്താനാകാതെ ഡേറ്റിംഗ് പരാജയപ്പെടുത്തുന്നത് സാധാരണമാണ്. എന്നാൽ ഇവിടെ ഒരു പരാജയപ്പെട്ട ഡേറ്റിംഗില്‍ രസകരമായ ചില കാര്യങ്ങള്‍ സംഭവിച്ചിരിക്കുകയാണ്. ആറ് വര്‍ഷം മുമ്പ് നടന്ന ഈ ഡേറ്റിംഗ് വീണ്ടും ഓര്‍മ്മിക്കപ്പെടുകയും വൈറലാവുകയും ചെയ്തിരിക്കുകയാണ്.
ലണ്ടന്‍ സ്വദേശിയായ ലോറന്‍ സില്‍വിയ ആറ് വര്‍ഷം മുമ്പ് ഒരു ഡേറ്റിംഗിന് പോയിരുന്നു. പരാജയപ്പെട്ട ആ ഡേറ്റിംഗിന്റെ ക്ലൈമാക്സ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. അന്ന് പങ്കാളിയായി എത്തിയ യുവാവ് അന്നത്തെ ഡേറ്റിംഗിനിടെ കുടിച്ച കാപ്പിയുടെ പണം തിരികെ നല്‍കാന്‍ ലോറനോട് ആവശ്യപ്പെട്ട കാര്യമാണ് അവര്‍ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. പണം തിരികെ നല്‍കാന്‍ തന്റെ ബാങ്ക് വിവരങ്ങള്‍ പോലും ആ യുവാവ് നല്‍കി. ഇവര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ലോറന്‍ അടുത്തിടെ പങ്കുവെച്ചതോടെയാണ്സംഭവം പുറത്തറിഞ്ഞത്.
തന്റെ ട്വിറ്ററിലൂടെ ലോറന്‍ അവര്‍ തമ്മിലുള്ള അവസാനത്തെ മുഴുവന്‍ സംഭാഷണവും പങ്കുവെച്ചു. കൂടാതെ അടിക്കുറിപ്പില്‍ എഴുതി: ''ആ പയ്യന്‍, ആ മോശം ഡേറ്റിംഗിന്റെ കണക്കുകള്‍ എനിക്ക് അയച്ചിട്ട് ഇന്നേക്ക് ആറ് വര്‍ഷം.'' ലോറന്‍ പങ്കുവെച്ച ചാറ്റില്‍ വീണ്ടും കണ്ടുമുട്ടാമോ എന്ന് ആ യുവാവ് അവളോട് ചോദിക്കുന്നുമുണ്ട്. ലോറന്‍ വിനയപൂര്‍വ്വം വിയോജിച്ചുകൊണ്ട് മറുപടി പറയുന്നു, ''നിങ്ങളെ കണ്ടുമുട്ടിയത് വളരെ മനോഹരമായിരുന്നു, പക്ഷേ നമ്മള്‍ തമ്മില്‍ ആ കെമിസ്ട്രി ഉണ്ടെന്ന് തോന്നുന്നില്ല''. തന്റെ പ്രതീക്ഷികള്‍ തെറ്റുന്നത് കണ്ട ആ മനുഷ്യന്‍. 'ഒരു അവസരം കൂടി തരൂ' എന്നും ലോറനു വേണ്ടി അത്താഴം പാകം ചെയ്യാം എന്നു വരെയും വാഗ്ദാനം ചെയ്തു.
ഇതിനെത്തുടര്‍ന്ന് ഇരുവരും തമ്മിൽ ചില വാദപ്രതിവാദങ്ങള്‍ നടന്നു. അതിനുശേഷം ആ മനുഷ്യന്‍ കാപ്പിക്കായി ചെലവഴിച്ച 3.50 പൗണ്ട് (ഏകദേശം 350 രൂപ) ലോറനോട് തിരികെ നൽകാൻ ആവശ്യപ്പെട്ടു. അദ്ദേഹം അവര്‍ക്ക് എഴുതി, ''ശരി. നിങ്ങളുടെ കാപ്പിക്കായി ചിലവായ പണം എനിക്ക് തിരികെ നല്‍കാമോ? പണം പാഴാക്കുന്നത് എനിക്ക് ഇഷ്ടമല്ല. മറ്റൊരു ഡേറ്റിംഗില്‍ ഇത് ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'' അസാധാരണമായ ഈ വാചകങ്ങള്‍ കണ്ട് ആദ്യം അമ്പരന്നെങ്കിലും ലോറന്‍ പണം നല്‍കാന്‍ സമ്മതിച്ചു. പക്ഷേ അതില്‍ ഒരു ട്വിസ്റ്റും ഉണ്ടായി.
ആ പണം അയാളുടെ ഇഷ്ടപ്രകാരം ഒരു ചാരിറ്റിക്ക് സംഭാവന ചെയ്യാമെന്നായിരുന്നു ലോറന്റെ വാഗ്ദാനം. ലോറന്‍ എഴുതി, ''നിങ്ങള്‍ക്കിഷ്ടമുള്ള ഒരു ചാരിറ്റിക്ക് വേണ്ടി ഞാൻ ആ 3.50 പൗണ്ട് സംഭാവന ചെയ്താലോ?'' യുവാവിന്റെ ബസ് യാത്രയുടെ ചെലവിനായി '5 പൗണ്ട് വരെ കൂടുതൽ തരാം' എന്നും ലോറൻ പറഞ്ഞു. ആറ് വര്‍ഷത്തിന് ശേഷം ലോറന്‍ മുഴുവന്‍ സംഭാഷണവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ''അവന്റെ അവസാന പ്രതികരണം ചേര്‍ക്കാന്‍ മറന്നു. തന്റെ പണം എന്തുചെയ്യണമെന്ന് താൻ തീരുമാനിച്ചോളാമെന്നും ബാങ്ക് വിശദാംശങ്ങള്‍ നല്‍കുമെന്നും ആ വ്യക്തി പറയുന്ന മെസേജായിരുന്നു അവസാന സ്‌ക്രീന്‍ഷോട്ടിലുണ്ടായിരുന്നത്", അടിക്കുറിപ്പിൽ ലോറൻ കൂട്ടിച്ചേർത്തു.