നടൻ കോട്ടയം പ്രദീപ് അന്തരിച്ചു

നടൻ കോട്ടയം പ്രദീപ് അന്തരിച്ചു

എൽഐസി ജീവനക്കാരനായിരുന്ന പ്രദീപ് ഐവി ശശിയുടെ ഈ നാട് ഇന്നലെ വരെ എന്ന സിനിമയിലൂടെടെയാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. എഴുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്

കോട്ടയം: നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. അറുപത്തൊന്നുവയസായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മൂന്ന് മണിയോടെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാലോടെ മരണം സംഭവിക്കുകയായിരുന്നു. ആരോഗ്യപ്രശ്നം ഉണ്ടായതിനെ തുടർന്ന് സുഹൃത്തിനെ വിളിച്ച് ആശുപത്രിയിൽ പോവുകയായിരുന്നെന്നാണ് റിപ്പോർട്ട്.

കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ്. എൽഐസി ജീവനക്കാരനായിരുന്ന പ്രദീപ് ഐവി ശശിയുടെ ഈ നാട് ഇന്നലെ വരെ എന്ന സിനിമയിലൂടെടെയാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച ഇദ്ദേഹം എഴുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്

വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം, ആമേൻ, വടക്കൻ സെൽഫി, സെവൻത്ഡേ, പെരുച്ചാഴി, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, അടി കപ്യാരേ കൂട്ടമണി, ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികൾ, ജമ്നപ്യാരി, ഉട്ടോപ്യയിലെ രാജാവ് തുടങ്ങിയ സിനിമകളിലെ വേഷങ്ങളും പ്രേക്ഷകശ്രദ്ധ നേടി.

കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂൾ, കോട്ടയം ബസേലിയസ് കോളജ്, കോപ്പറേറ്റീവ് കോളജ് എന്നിവടങ്ങളിലായിരുന്നു പ്രദീപിന്‍റെ വിദ്യാഭ്യാസം. 1989 മുതൽ എൽഐസിയിൽ ജീവനക്കാരനാണ്. ഭാര്യ മായ. മക്കൾ: വിഷ്ണു, വൃന്ദ