'ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല'; അവാര്‍ഡ് വിവാദത്തില്‍ ഇന്ദ്രന്‍സ്

'ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല'; അവാര്‍ഡ് വിവാദത്തില്‍ ഇന്ദ്രന്‍സ്

പത്തനംതിട്ട: ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പരസ്യമായി പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ് രംഗത്ത്. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല.'ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല. ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോം. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.നല്ലൊരു സിനിമ ജൂറി കാണാതെ പോയെന്നും അതിൽ തനിക്ക് വിഷമമുണ്ടെന്നും മഞ്ജു പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. എന്തെങ്കിലും കാരണത്തിന്റെ പേരിലാണ് ആവാർഡിൽ ഹോമിനെ പരി​ഗണിക്കാത്തതെങ്കിൽ അത് ശരിയായ കാര്യമല്ലെന്നും മഞ്ജു പിള്ള പറഞ്ഞു. "നല്ലൊരു സിനിമ കാണാതെ പോയി, അത് എന്തെങ്കിലും കാരണത്തിന്റെ പുറത്താണെങ്കിൽ അത് ശരിയായില്ലെന്ന് മാത്രമേ എനിക്ക് പറയാനുള്ളു. സംവിധായകൻ ഏഴ് വർഷം നെഞ്ചിൽ കൊണ്ട് നടന്ന സിനിമയാണ് ഹോം. നല്ലൊരു സിനിമ കാണാതെ പോയതിലുള്ള വിഷമമുണ്ട്. ഹോം കണ്ടില്ലേ എന്നൊക്കെ തോന്നിപ്പോയി. പിന്നെ ജനങ്ങൾ തന്നൊരു സ്നേഹമുണ്ട് അവർ തന്ന സപ്പോർട്ടുണ്ട് അതുതന്നെയാണ് ഏറ്റവും വലുത്- മഞ്ജു പറഞ്ഞു.ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ജൂറിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.  ഇന്ദ്രൻസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെയും നിരവധിപ്പേര്‍ പിന്തുണയുമായെത്തി. 'ജനഹൃദയങ്ങളിലെ മികച്ച നടന്‍ ഇന്ദ്രൻ' എന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. 'ഞങ്ങളുടെ അവാർഡ് ഇന്ദ്രൻസ് ചേട്ടന്, ഒരു കലാകാരൻ എന്ന നിലക്ക് മികച്ച നടനുള്ള അവാർഡ് ജനഹൃദയങ്ങളിൽ അത് ഇന്ദ്രൻസ് എന്ന നടൻ ആയിരിക്കും. ആരാധകര്‍ പറയുന്നു.