പി സി ജോർജ്ജിന്‍റെ ജാമ്യം റദ്ദാക്കുമോ? 'ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു', നിർണായക നീക്കവുമായി പൊലീസ്; വിധി എന്താകും

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ പി സി ജോർജ്ജിന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയെ സമീപിക്കും. ജോർജ്ജ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടികാട്ടിയാകും ജാമ്യം റദ്ദാക്കൻ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുക. പി സി ജോർജ്ജിന് മണിക്കൂറുകള്‍ക്കുള്ളിൽ ജാമ്യം ലഭിച്ചത് പൊലീസിന് വൻ തിരിച്ചടിയായിരുന്നു. ജോർജ്ജിന്‍റെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് പൊലീസ്. മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതിന് പകരം ജാമ്യം അനുവദിച്ചക്കോടതിയിൽ തന്നെ അപേക്ഷ നൽകാനാണ് തീരുമാനം.
മതവിദ്വേഷ പരാമർശങ്ങള്‍ ആവർത്തിക്കരുതെന്ന കോടതി ഉപാധി ജോർജ്ജ് ലംഘിച്ചുവെന്ന് പൊലീസ് കോടതിയെ അറിയിക്കും. ജാമ്യം ലഭിച്ച ഉടനെ പരാമർശങ്ങള്‍ ആവർത്തിച്ചു. പ്രോസിക്യൂഷൻ ഭാഗം കേൾക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നും ചൂണ്ടികാട്ടിയാണ് ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകുന്നത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ നിയമോപദേശ പ്രകാരമാണ് അപേക്ഷ നൽകുന്നത്. ജോർജ്ജിനെതിരായ കേസിന്‍റെ അന്വേഷണം ഫോർട്ട് അസി കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. ഫോർട്ട് സ്റ്റേഷൻ എസ് എച്ച് ഒ ആയിരുന്നു മുൻ അന്വേഷണ ഉദ്യോഗസ്ഥൻ.