തന്നെ പീഡിപ്പിച്ച പിതാവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ പതിനേഴുകാരി കൊലപ്പെടുത്തി.

ബെംഗലൂരു: തന്നെ പീഡിപ്പിച്ച പിതാവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ പതിനേഴുകാരി കൊലപ്പെടുത്തി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ സുരക്ഷ ജീവനക്കാരനായി ജോലി ചെയ്യുന്നയാളെയാണ് പെണ്‍കുട്ടി ആണ്‍ സുഹൃത്തിന്‍റെയും മൂന്ന് സഹപാഠികളുടെയും സഹായത്തോടെ കൊലപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് ബംഗലൂരു പൊലീസ് പറയുന്നത് ഇങ്ങനെ: ഞായറാഴ്ച രാത്രിയാണ് പെണ്‍കുട്ടിയും സുഹൃത്തുക്കളും കൊലപാതകം ആസൂത്രണം ചെയ്തത്. സംഭവ ദിവസം പെണ്‍കുട്ടിയുടെ അമ്മ വീട്ടില്‍ ഇല്ലായിരുന്നു. പുലര്‍ച്ചെ 1.30ന് പെണ്‍കുട്ടി അയല്‍വീട്ടിലെത്തി പിതാവിനെ അജ്ഞാതര്‍ ആക്രമിച്ചുവെന്ന് പറഞ്ഞു. അയാല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു.
പൊലീസ് എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന പെണ്‍കുട്ടിയുടെ പിതാവിനെയാണ് കണ്ടത്. എന്നാല്‍ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴികളില്‍ ചില പൊരുത്തക്കേടുകള്‍ പൊലീസ് കണ്ടെത്തി.
തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ തന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി സുഹൃത്തുക്കളാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് 17 കാരി വെളിപ്പെടുത്തി. പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതില്‍ പ്രതികാരം ചെയ്യാന്‍ ആണ്‍സുഹൃത്തിനോട് പെണ്‍കുട്ടി ആവശ്യപ്പെടുകയായിരുന്നു. ഇയാളും മൂന്ന് സുഹൃത്തുക്കളും ഞായറാഴ്ച പകല്‍ മുതല്‍ പെണ്‍കുട്ടിയുടെ വീടിന്‍റെ പരിസരത്ത് ഉണ്ടായിരുന്നു. രാത്രി അവസരം കിട്ടിയപ്പോള്‍ മര്‍ദ്ദിച്ചും വെട്ടിയും കൊലപാതകം നടത്തി ഇവര്‍ സ്ഥലംവിട്ടു.
പിന്നീട് പെണ്‍കുട്ടി അനിയത്തിയെ വിളിച്ചുണര്‍ത്തി അയല്‍ക്കാരോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. കൊലപാതകത്തില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് അടക്കം നാലുപേരും പ്രായപൂര്‍ത്തിയാകാത്തവരാണ് എന്നാണ് പൊലീസ് പറയുന്നത്. ഇവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന പെണ്‍കുട്ടിയുടെ മൊഴി പൊലീസ് വിശദമായി അന്വേഷിക്കാന്‍ ഇരിക്കുകയാണ്. പ്രഥമികമായി പെണ്‍കുട്ടി നല്‍കിയ വിവരങ്ങള്‍ ശരിയാണ് എന്ന നിലയിലാണ് പെണ്‍കുട്ടിയുടെ അമ്മയും പ്രതികരിച്ചത്.