പരിശോധന നിരക്ക് കുറച്ചതിനെതിരെയുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ;കുറയ്ക്കാൻ അധികാരമുണ്ടെന്ന് സർക്കാർ

പരിശോധന നിരക്ക് കുറച്ചതിനെതിരെയുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ;കുറയ്ക്കാൻ അധികാരമുണ്ടെന്ന് സർക്കാർ

കൊച്ചി: സംസ്ഥാനത്തെ കൊവിഡ് (covid)പരിശോധന നിരക്ക്(test rates) കുറച്ചതിനെതിരെ ലാബ് ഉടമകൾ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ(high court). ആർ ടി സി സി ആർ പരിശോധന നിരക്ക് 300 രൂപയും ആന്റിജൻ പരിശോധന നിരക്ക് 100 രൂപയും ആക്കിയ സർക്കാർ നടപടി ചോദ്യം ചെയ്തു ലാബ് ഉടമകൾ നൽകിയ ഹർജി ആണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. 

നിരക്ക് കുറക്കാൻ സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു അഡ്വക്കറ്റ് ജനറൽ ഹൈക്കോടതി അറിയിച്ചത്.വിവിധ പരിശോധനകൾക്ക് ലാബുകൾ അമിത ചാർജ് ഈടാക്കുന്നു എന്ന് കണ്ടെത്തിയാണ് സർക്കാർ നടപടി. നിരക്ക് വർധന സംബന്ധിച്ച് ഹൈക്കോടതിയിൽ നിലനിൽക്കുന്ന മറ്റ് കേസുകളുടെ ഒപ്പമാണ് ലാബ് ഉടമകളുടെ ഹർജി പരിഗണിക്കുക

കൊവിഡ് പരിശോധന നിരക്കുകൾ (Covid Test Rates) കൂട്ടിയില്ലെങ്കിൽ അത്തരം പരിശോധന നടത്തുന്ന ലാബുകളിലെ മോളിക്യുലാർ  വിഭാ​ഗം അടച്ചിടാനാണ് ലാബുടമകളുടെ നീക്കം. സർക്കാർ തീരുമാനം ഏകപക്ഷീയമെന്ന് ലാബ് ഉടമകളുടെ സംഘടന പ്രതികരിച്ചു. 

ആർടിപിസിആർ പരിശോധനയ്ക്ക് അഞ്ഞൂറ് രൂപയും ആൻ്റിജൻ പരിശോധനയ്ക്ക് 300 രൂപയും ആയി തന്നെ തുടരണമെന്നാണ് ലാബ് ഉടമകളുടെ സംഘടന ആവശ്യപ്പെടുന്നത്. പുതിയ നിരക്കുകൾ അംഗീരിക്കാൻ ആവില്ലെന്നാണ് നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചതകിന് പുറമേയാണ് ലാബുടമകൾ കോടതിയിലുമെത്തിയത്. ലാബ് ഉടമകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും ആ സാഹചര്യത്തിൽ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകാനാവില്ലെന്നാണ് നിലപാട്. കുറച്ച നിരക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ സമരത്തിലേക്ക് നീങ്ങുകയാണ്.

ഫെബ്രുവരി ഒമ്പതിനാണ് സംസ്ഥാനത്ത് കൊവിഡ് പരിശോധനകൾക്കും പിപിഇ കിറ്റ്, എൻ 95 മാസ്ക് തുടങ്ങിയ സുരക്ഷാ സാമഗ്രികൾക്കും നിരക്ക് പുനക്രമീകരിച്ച് ആരോഗ്യ വകുപ്പിന്‍റെ ഉത്തരവ് വരുന്നത്. സർക്കാരിന്‍റെ പുതിയ തീരുമാനം അനുസരിച്ച്. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഇനി മുതൽ 300 രൂപ മാത്രമേ ഈടാക്കാവൂ. ആന്‍റിജൻ ടെസ്റ്റിന് 100 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്. ഈ നിരക്കിനെതിരെയാണ് ലാബ് ഉടമകൾ രംഗത്തെത്തിയിരിക്കുന്നത്.

ആര്‍ടിപിസിആര്‍ 500 രൂപ, ആന്റിജന്‍ 300 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ് 2500 രൂപ, ട്രൂനാറ്റ് 1500 രൂപ, ആര്‍ടി ലാമ്പ് 1150 രൂപ എന്നിങ്ങനെയായിരുന്നു മുമ്പത്തെ നിരക്ക്. ഞങ്ങളെ തോക്കിൻ മുനയിൽ നിർത്തി പരിശോധന നടത്താൻ ആവശ്യപ്പെടുന്നതിന് തുല്യമാണ് പുതിയ കുറച്ച നിരക്കെന്നാണ് ലാബ് ഉടമകളുടെ നിലപാട്. ലാബ് ഉടമകളോട് കൂടി കൂടിയാലോചന നടത്തി പുതിയ നിരക്ക് നിശ്ചയിക്കണമെന്നാണ് ആവശ്യം. ആർടിപിസിആർ നിരക്ക് 900 രൂപയും, ആന്റിജൻ പരിശോധനയ്ക്ക് 250 രൂപയും എങ്കിലുമാക്കി ഉയർത്തണമെന്നാവശ്യപ്പെട്ടാണ് ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.

കേരളത്തിലെ കൊവിഡ് കണക്ക്
കേരളത്തില്‍ ഇന്നലെ 12,223 പേര്‍ക്ക് കോവിഡ്-19 (covid 19) സ്ഥിരീകരിച്ചു എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂര്‍ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555, വയനാട് 495, കണ്ണൂര്‍ 444, പാലക്കാട് 438, മലപ്പുറം 419, കാസര്‍ഗോഡ് 264 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 77,598 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,32,052 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,26,887 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5165 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 765 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,13,798 കോവിഡ് കേസുകളില്‍, 4.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 118 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 195 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 63,019 ആയി.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,046 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1056 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 88 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,906 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1956, കൊല്ലം 3182, പത്തനംതിട്ട 605, ആലപ്പുഴ 1577, കോട്ടയം 2713, ഇടുക്കി 1220, എറണാകുളം 3514, തൃശൂര്‍ 1402, പാലക്കാട് 1115, മലപ്പുറം 1300, കോഴിക്കോട് 1563, വയനാട് 511, കണ്ണൂര്‍ 966, കാസര്‍ഗോഡ് 282 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,13,798 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 62,62,770 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

 വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,68,76,343), 86 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,28,53,260) നല്‍കി.
15 മുതല്‍ 17 വയസുവരെയുള്ള 75 ശതമാനം (11,54,701) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 19 ശതമാനം (2,85,761) പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.
 ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,57,439)
ഫെബ്രുവരി 9 മുതല്‍ 15 വരെയുള്ള കാലയളവില്‍, ശരാശരി 1,86,638 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.