ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ: വീണ്ടും ജയിലിലേക്കോ? കോടതിയില്‍ നിർണ്ണായകം

നടന്‍ ദിലീപിനെതിരായ മുന്‍കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. ദിലീപിന്റെ ആവശ്യപ്രകാരമാണ് ഹജി പരിഗണിക്കുന്നത് മാറ്റ് വെച്ചത്. അടുത്ത വെള്ളിയാഴ്ചയാവും ഹർജി വീണ്ടും പരിഗണിക്കുക. കേസില്‍ ദിലീപിന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ ഉണ്ടാവില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
സിനീയർ അഭിഭാഷകന് കോവിഡ് ആയതിനാല്‍ ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത്.
ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ദിലീപ് ഉള്‍പ്പടെയുള്ളവർക്കെതിരായ പുതിയ കേസ്. ദിലീപിനെ പുറമെ അദ്ദേഹത്തിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭർത്താവ്, ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ എത്തിച്ചു നല്‍കിയെന്ന് പറയപ്പെടുന്ന വിഐപി തുടങ്ങിയവരാണ് പ്രതിപ്പട്ടകയിലുള്ളത്
എ ഡി ജിപി സന്ധ്യ, ഐജി എവി ജോർജ്, അന്വേഷണസംഘത്തെ നയിച്ച എസ്പിമാരായ സോജൻ, സുദർശൻ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നത് സംബന്ധിച്ച് ദിലീപ് ഗൂഡാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി മോഹന ചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ക്രമിനിൽ ഗൂഡാലോചന അടക്കമുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. എന്നാല്‍ വധ ഭീഷണി കേസ് കള്ളക്കഥയെന്നാണ് ദിലീപ് മുന്‍കൂർ ജാമ്യ ഹര്‍ജിയില്‍ ആരോപിക്കുന്നത്. നടി അക്രമിക്കപ്പെട്ട കേസിലെ വിസ്താരം നീട്ടികൊണ്ട് പോകാനും അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് തടയാനുമാണ് ഇതിലൂടെ പൊലീസ് ലക്ഷ്യം വെക്കുന്നതെന്നും ദിലീപ് വാദിക്കുന്നു
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താൻ പരാതി നൽകിയതിന്റെ പ്രതികാര നടപടിയായാണ് കേസിന് പിന്നിലെന്നും ജാമ്യ ഹർജിയിൽ ദിലീപ് പറയുന്നുണ്ട്. ദിലീപിനൊപ്പം തന്നെ കേസില്‍ പ്രതികളായ സഹോദരന്‍ അനൂപ്, സഹോദരീ ഭർത്താവ് സൂരജ് എന്നിവരും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. ആറ് പ്രതികള്‍ക്കെതിരേയും ജാമ്യമില്ലാ വകുപ്പുകള്‍ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതി പൾസർ സുനിയെ ചോദ്യം ചെയ്യാനുള്ള അപേക്ഷയും കോടതിയിൽ നൽകും.
കേസില്‍ വിശദമായ വാദം പറയേണ്ടിയിരുന്നത് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ബി രാമന്‍പിള്ളയാണ്. അതിനിടെ ഗൂഡാലോചന കേസില്‍ ദിലീപിനെതിരായ തെളിവുകള്‍ ഇന്ന് പൊലീസിന് കൈമാറിയെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാർ വ്യക്തമാക്കി. ശബ്ദം ദിലീപിന്‍റേതെന്ന് തെളിയിക്കാന്‍ സഹായകരമായ സംഭാഷണവും കൈമാറിയിട്ടുണ്ട്. ഇത് തെളിയിക്കാന്‍ സഹായകരമാവുന്ന 20 ഓഡിയോ റെക്കോർഡുകളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചതിന്റെ തെളിവുകളും തന്റെ കയ്യിലുണ്ടെന്നും ബാലചന്ദ്ര കുമാർ അഭിപ്രായപ്പെടുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് ദിലീപ് വിവിധ ഇടങ്ങളിൽ വച്ച് പറഞ്ഞിരുന്നു. എന്നാല്‍ ദിലീപിന്റെ ഭീഷണി ഭയന്നാണ് പലരും ദസാക്ഷി പറയാന്‍ തയ്യാറാവാത്തത്. നടിയെ ആക്രമിച്ച ദൃശ്യം പകര്‍ത്തിയ പെന്‍ഡ്രൈവ് കൊണ്ടുകൊടുത്ത സാഗര്‍ പണം വാങ്ങിയാണ് കൂറുമാറിയതെന്നും ബാലചന്ദ്ര കുമാർ അഭിപ്രായപ്പെട്ടു.