അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗുഢാലോചന; ശബ്ദപരിശോധന ഇന്ന്, കേസ് റദ്ദാക്കാൻ ദിലീപ് ഹർജി നൽകിയേക്കും

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ശബ്ദപരിശോധന ഇന്ന് നടക്കും. രാവിലെ 11ന് കാക്കനാട് ചിത്രാഞ്ജലി ലാബിൽ എത്താനാണ് ആലുവ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയിരിക്കുന്നത്. ദിലീപിനെക്കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരും എത്തണം.
ബാലചന്ദ്രകുമാർ ഹാജരാക്കിയ സംഭാഷണത്തിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനാണ് ശബ്ദ പരിശോധന നടത്തുന്നത്. ഇതിനിടെ മുൻകൂർ ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസ് റദ്ദാക്കാൻ ദിലീപ് നീക്കം തുടങ്ങി. ഇന്നോ നാളെയോ ആയി ഹൈക്കോടതിയിൽ ഹർജി നൽകുമെന്നാണ് വ്യക്തമാകുന്നത്.