കേരളത്തിൽ ഒമിക്രോൺ വ്യാപിക്കും, ഗുരുതരമായേക്കില്ലെന്ന് പ്രതീക്ഷ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ (omicron spread) കേസുകൾ കൂടുന്നുന്നുണ്ടെങ്കിലും ഗുരുതരമാകാനിടയില്ലെന്ന പ്രതീക്ഷയിലാണ് ആരോഗ്യവിദഗ്ദ്ധർ (health Experts). രോഗം ബാധിച്ച് ആരോഗ്യനില ഗുരുതരമാകുന്നവരുടെ എണ്ണം മാത്രം നോക്കി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ മതിയാകുമെന്നാണ് വിദഗ്ദരുടെ നിർദേശം. ഇന്ന് മുതൽ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് രാത്രി കാല (night Curfew) നിയന്ത്രണമാണ്.
ആഗോളതലത്തിലും ദേശീയതലത്തിലും എന്ന പോലെ സംസ്ഥാനത്തും ഒമിക്രോൺ കേസുകളുടെ എണ്ണം കൂടുമെന്ന് തന്നെയാണ് നിലവിൽ പുറത്തുവരുന്ന മുന്നറിയിപ്പുകൾ. എന്നാൽ കേരളത്തിൽ 98 ശതമാനത്തോളം പേർ ആദ്യഡോസും, 78 ശതമാനം രണ്ടാംഡോസും വാക്സിനെടുത്തത് നേട്ടമാകുമെന്നാണ് കണക്ക് കൂട്ടൽ. അരക്കോടിയിലധികം പേർക്ക് രോഗം വന്ന് മാറുകയും ചെയ്തു. എന്നാൽ ഒമിക്രോണിന് പ്രതിരോധ ശേഷിയെ മറികടക്കാനുള്ള ശേഷി വില്ലനാകുമോ എന്നാണ് ആശങ്ക
ഇനിയുള്ള 2 മാസം കേസുകൾ കൂടാൻ തന്നെയാണ് സാധ്യതയെന്ന് കണക്കാക്കിയാണ് സർക്കാരും മുന്നോട്ടു പോവുന്നത്. ജനുവരി മാസത്തിലെ വ്യാപനമാകും ഇതിൽ നിർണായകം. കണ്ണൂരിൽ വിദ്യാർത്ഥിയുടെ സമ്പർക്ക പട്ടികയിലുള്ളയാൾക്ക് സെന്റിനൽ പരിശോധനയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത് സമൂഹവ്യാപന ആശങ്കയിലേക്കും വിരൽചൂണ്ടുന്നുണ്ട്. ഏതായാലും കൂടുതൽ പഠനം നടത്തി പുറത്തുവരുന്ന റിപ്പോർട്ടുകളാകും ജനുവരി രണ്ടിന് ശേഷമുള്ള നിയന്ത്രണങ്ങളിൽ പ്രധാനം. ഒരേസമയം നാല് ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ടായിരുന്ന സംസ്ഥാനത്തിപ്പോൾ ഇരുപതിനായിരം പേർ മാത്രമാണ് ചികിത്സയുലുള്ളത്.