ബഹിരാകാശത്തേക്ക് മലയാളിയായ ഇന്ത്യൻ വംശജനും.

ബഹിരാകാശത്തേക്ക്  മലയാളിയായ ഇന്ത്യൻ വംശജനും.

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഭാവിപദ്ധതികൾക്കായുള്ള യാത്രികരുടെ സംഘത്തിൽ മലയാളിയായ ഇന്ത്യൻ വംശജനും. ലഫ്റ്റനന്റ് കേണൽ ഡോ. അനിൽ കുമാറാണ് പത്തംഗ പരിശീലന സംഘത്തിലുള്ളത്. നാലു സ്ത്രീകളടങ്ങുന്ന സംഘത്തെ നാസ ഭരണാധികാരി ബിൽ നെൽസണാണ് പ്രഖ്യാപിച്ചത്. ഇതോടെ മലയാളി വേരുകളുള്ള ഒരാൾ ബഹിരാകാശത്തിലെത്താൻ വഴിയൊരുങ്ങി. മലയാളിയായ ശങ്കരൻ മേനോന്റെയും യുക്രൈൻകാരിയായ ലിസ സാമോലെങ്കോയുടെയും മകനാണ് 45-കാരനായ അനിൽ.

12,000 പേരിൽനിന്നും കർശനമായ പരിശോധനകൾക്കുശേഷമാണ് ഇവരെ തിരഞ്ഞെടുത്തത്. രണ്ടുവർഷത്തെ പരിശീലനം സംഘത്തിന് ലഭിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷണത്തിനും ചന്ദ്രനിലെയും ചൊവ്വയിലെയും പര്യവേക്ഷണങ്ങൾക്കും ഇവരെ നിയോഗിക്കും.

യു.എസ്. എയർഫോഴ്സിലെ ലഫ്റ്റനന്റ് കേണലും ഡോക്ടറുമായ അനിൽ മേനോൻ സ്പേസ് എക്സ് കമ്പനിയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിൽ സർജനായി പ്രവർത്തിച്ചിരുന്നു. ഒട്ടേറെ ബഹിരാകാശനിലയ ദൗത്യങ്ങളിൽ നാസയ്ക്കുവേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്.

യു.എസിലെ മിനിയാപോളിസിൽ 1976-ലാണ് ജനനം. 1999-ൽ ഹാർവാഡ് സർവകലാശാലയിൽനിന്ന് ന്യൂറോബയോളജിയിൽ ബിരുദം നേടി. സ്റ്റാൻഫോർഡ് സർവകലാശാലയിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദവും. ഹാർവാഡിൽ ന്യൂറോബയോളജി പഠിക്കുകയും ഹണ്ടിങ്ടൺസ് രോഗത്തെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. പോളിയോ തുള്ളിമരുന്ന് വിതരണത്തെക്കുറിച്ച് പഠിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി ഒരുവർഷത്തോളം ഇന്ത്യയിലും ചെലവഴിച്ചിട്ടുണ്ട്.