പൊലീസ് സുരക്ഷ വേണമെന്ന് ഏജൻസി; എറണാകുളത്ത് കെ റെയിൽ കല്ലിടൽ നി‍ർത്തി, വടക്കൻ കേരളത്തിലും ഇന്ന് സർവ്വേയില്ല

പൊലീസ് സുരക്ഷ വേണമെന്ന് ഏജൻസി; എറണാകുളത്ത് കെ റെയിൽ കല്ലിടൽ നി‍ർത്തി, വടക്കൻ കേരളത്തിലും ഇന്ന് സർവ്വേയില്ല

കൊച്ചി: എറണാകുളത്ത് സിൽവർലൈൻ സർവ്വേ ( K Rail) താൽക്കാലികമായി നിർത്തിവച്ചു. പൊലീസ് സുരക്ഷയില്ലാതെ (Police Protection) സർവ്വേ തുടരാനാവില്ലെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തതോടെയാണ് സർവ്വേ നിർത്തിവച്ചത്. എറണാകുളം ജില്ലയിൽ 12 കിലോമീറ്റർ മാത്രമേ സർവ്വേ പൂർത്തീകരിക്കാനുള്ളൂ. വടക്കൻ കേരളത്തിലും ഇന്ന് സർവ്വേ നടപടികളില്ല. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് തീരുന്നത് വരെ സർവ്വേ നീട്ടി വയ്ക്കാനും ആലോചനയുണ്ട്.  

പൊലീസ് സുരക്ഷ ഉറപ്പാക്കാനാകാതെ സർവ്വേ തുടരാനാകില്ലെന്നാണ് എറണാകുളത്ത് സർവ്വേ നടത്തുന്ന സ്വകാര്യ ഏജൻസിയുടെ ഉദ്യോഗസ്ഥരുടെ നിലപാട്. വനിതാ ജീവക്കാരെ അടക്കം കയ്യേറ്റം ചെയ്യുന്ന സാഹചര്യമാണെന്ന് ഏജൻസി പരാതിപ്പെടുന്നു. ഇന്നലെ പിറവത്ത് സർവ്വേ സംഘത്തിന്‍റെ കാർ ഉപരോധിച്ചത് വലിയ പരിഭ്രാന്തിയുണ്ടാക്കിയെന്നാണ് ജീവനക്കാർ പറയുന്നത്. ഈ രീതിയിൽ മുന്നോട്ട് പോകാനാകില്ലെന്ന് കെ റെയിലിനെ അറിയിച്ചു. ജില്ലയിൽ ഇനി 12 കിലോമീറ്റർ മാത്രമേ സർവ്വേ പൂർത്തിയാക്കാനുള്ളൂവെന്നും പ്രതിസന്ധിയില്ലെന്നും ഏജൻസി പറയുന്നു. 

എറണാകുളം ജില്ലയിൽ ചോറ്റാനിക്കര പിറവ൦ കേന്ദ്രീകരിച്ചായിരുന്നു ഇന്ന് കെ റെയിൽ കല്ലിടൽ നടക്കേണ്ടിയിരുന്നത്. ജനവാസമേഖലയിലാണ് കല്ലിടൽ തുടരേണ്ടത് എന്നതിനാൽ പ്രതിരോധിക്കാൻ ഉറച്ച് നിൽക്കുകയായിരുന്നു സമരസമിതിയും. കോൺഗ്രസ് അണിനിരന്നതിന് പിന്നാലെ ബിജെപിയും ഇന്ന് മുതൽ ചോറ്റാനിക്കരയിൽ പ്രതിഷേധ സമരം ശക്തമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഡിവൈഎഫ്ഐയും ജനസഭ എന്ന പേരിൽ കെ റെയിൽ അനുകൂല പരിപാടി ചോറ്റാനിക്കരയിൽ നടത്തുന്നുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ആണ് ഈ പരിപാടിയുടെ ഉദ്ഘാടകൻ.