'പഞ്ചായത്തിന്‍റെ കത്തിനെ കുറിച്ച് അറിയില്ല'; വീടിന്‍റെ രണ്ടാം നിലക്ക് അനുമതി വേണ്ടെന്ന് കെ റെയില്‍

'പഞ്ചായത്തിന്‍റെ കത്തിനെ കുറിച്ച് അറിയില്ല'; വീടിന്‍റെ രണ്ടാം നിലക്ക് അനുമതി വേണ്ടെന്ന് കെ റെയില്‍

കോട്ടയം: കോട്ടത്ത് പനച്ചിക്കാട് വീടിന്‍റെ മുകളിലത്തെ നില പണിയാൻ കെ റെയില്‍ (K Rail) അനുമതി വേണ്ടെന്ന് വ്യക്തമാക്കി കെ റെയില്‍. പഞ്ചായത്ത് സെക്രട്ടറിയുടെ കത്തിനെക്കുറിച്ച് അറിയില്ല. സാമൂഹിക ആഘാത പഠനമാണ് ഇപ്പോള്‍ നടക്കുന്നത്. ഭൂമി കെ റെയിൽ ഏറ്റെടുത്തിട്ടില്ല. ഈ ഘട്ടത്തിൽ വസ്തു കൈമാറ്റം ചെയ്യാനോ, കെട്ടിട നിർമാണത്തിനോ, വസ്തു പണയം വെക്കുന്നതിനോ തടസമില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ അനുമതി ആവശ്യമില്ലെന്നും കെ റെയില്‍ വ്യക്തമാക്കി. 

കെ റെയിൽ നിർദിഷ്ട അലൈന്‍മെന്‍റിന് 100 മീറ്റർ ദൂരത്ത് താമസിക്കുന്ന കുടുംബത്തിനാണ് കെ റെയില്‍ അനുമതി വേണമെന്ന് അറിയിച്ച് രണ്ടാംനില പണിയാന്‍ പഞ്ചായത്ത് അനുമതി നിഷേധിച്ചത്. കോട്ടയം പനച്ചിക്കാട് കൊല്ലാട് സ്വദേശികളായ ജിമ്മിയും സോനുവും ഡിസംബറിലാണ് വീടിന്റെ മുകളിലത്തെ നില പണിയാൻ പഞ്ചായത്തിനോട് അനുമതി തേടിയത്. രണ്ട് മുറികൾക്കായി അനുമതി വേണമെന്നായിരുന്നു ആവശ്യം. 

സ്ഥലം പരിശോധിച്ച പഞ്ചായത്ത് അധികൃതർ കെ റെയിലിനെ സമീപിക്കാനാണ് ആവശ്യപ്പെട്ടത്. കെ റെയിൽ തഹസിൽദാർക്ക് നൽകാനുള്ള കത്തും ഇവർക്ക് പഞ്ചായത്ത് സെക്രട്ടറി നൽകി. ഒറ്റ സർവേ നമ്പറിൽ പെട്ട പ്രദേശം ബഫർ സോൺ ആണെന്നും കത്തിൽ സൂചിപ്പിക്കുന്നു. എന്‍ഒസി ആവശ്യപ്പെട്ട് കെ റെയിൽ തഹസിൽദാർക്ക് പഞ്ചായത്ത് സെക്രട്ടറി അയച്ച കത്തിന്റെ പകർപ്പ് പുറത്തായി.