കെ റെയില്‍ പ്രതിഷേധത്തിൽ രൂക്ഷ വിമർശനവുമായി സിപിഎം; കെ സുധാകരനെ ജയിലിൽ അടയ്ക്കണമെന്ന് എം വി ജയരാജൻ

കെ റെയില്‍ പ്രതിഷേധത്തിൽ രൂക്ഷ വിമർശനവുമായി സിപിഎം; കെ സുധാകരനെ ജയിലിൽ അടയ്ക്കണമെന്ന് എം വി ജയരാജൻ

കണ്ണൂർ: കെ റെയിൽ കല്ല് പറിക്കുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഉടൻ കേസെടുത്ത് ജയിലിൽ അടയ്ക്കണമെന്ന് സിപിഎം (CPM). ജുഡീഷ്യറിയെ ധിക്കരിച്ച സുധാകരൻ തന്നെ പോലെ ജയിലിൽ പോയി ഗോതമ്പ് ദോശ തിന്നാൻ തയ്യാറാകണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ (M V Jayarajan) പറഞ്ഞു. സുധാകരനും യൂത്ത് കോൺഗ്രസ് ചാവേറുകളുമാണ് കല്ല് പറിക്കാൻ നടക്കുന്നത്. ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് സുധാകരന്റെ ചാവേറുകൾ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ഉദ്യോഗസ്ഥർ കല്ലിടൽ നിർത്തിയത്. ബൂട്ടിട്ട് സമരക്കാരെ ചവിട്ടിയ പൊലീസ് നടപടി തെറ്റാണെന്നും എം വി ജയരാജൻ പ്രതികരിച്ചു.

മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് യുഡിഎഫെന്നും ഘടകക്ഷികൾക്ക് രക്ഷപ്പെടണമെങ്കിൽ ഇപ്പോഴാണ് അവസരമെന്നും എം വി ജയരാജൻ പറഞ്ഞു. കോൺഗ്രസാണ് യുഡിഎഫിലെ കക്ഷികളെ കടലിൽ മുക്കുന്നത്. ആ പാർട്ടികൾ തന്നെ ഇക്കാര്യം തിരിച്ചറിയുന്നുണ്ട്. മുങ്ങി മരിക്കാതിരിക്കണമെങ്കിൽ രക്ഷപ്പെടുകയാണ് വേണ്ടത്. ലീഗിലെ പല നേതാക്കളും സിപിഎമ്മിലേക്ക് വരുന്നുണ്ടെന്നും എംവി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.