നീറ്റ് പിജി പരീക്ഷ മാറ്റി വച്ചു; തീരുമാനം വിദ്യാർത്ഥികളുടെ ഹ‍ർജി കോടതി പരിഗണിക്കാനിരിക്കെ

ല്ലി: നീറ്റ് പിജി (NEET PG) പരീക്ഷ മാറ്റി. മാർച്ച് 12ന് തുടങ്ങാനിരുന്ന പരീക്ഷയാണ് രണ്ട് മാസത്തേക്ക് മാറ്റിയത്. കഴിഞ്ഞ വർഷത്തെ കൗൺസലിംഗ് ഇതേ സമയം നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് തീരുമാനമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്. 

പിജി കൗണ്‍സിലിങും നീറ്റ് പരീക്ഷയും ഒരേ സമയം നടക്കുന്നത് പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് സുപ്രീംകോടതിയില്‍ ആറ് വിദ്യാര്‍ത്ഥികള്‍ ഹർജിയും നല്‍കി. ഈ ഹർജികള്‍ കോടതി പരിഗണിക്കാനിരിക്കെയാണ് നീറ്റ് പരീക്ഷ മാറ്റുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവ് ഇറക്കിയത്. 

നിരവധി മെഡിക്കല്‍  വിദ്യാർത്ഥികള്‍ ബുദ്ധിമുട്ട് അറിയിച്ചതിനാല്‍ ആറ് മുതല്‍ എട്ട് ആഴ്ചത്തേക്ക് വരെ പരീക്ഷ മാറ്റുകയാണെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ അസിസ്റ്റന്‍റ് ഡയറക്ടര്‍ ബി ശ്രീനിവാസ്  വ്യക്തമാക്കി. പിജി പരീക്ഷയുടെ തീയ്യതി കൃത്യമായി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു. കൊവിഡ് ഡ്യൂട്ടി ഉള്ളതിനാല്‍ പല വിദ്യാര്‍ത്ഥികളും നിർബന്ധിത  ഇന്‍റേണ്‍ഷിപ്പിന്‍റെ സമയം നീട്ടി നല്‍കണമെന്നും അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാനാകത്ത സാഹചര്യവും നീറ്റ് പരീക്ഷ തീയ്യതി മാറ്റുന്നതിന് കാരണമായി. 

ജ‍സ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് മിശ്ര എന്നിവരുടെ ബെഞ്ചാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹർജി പരിഗണിക്കുന്നത്. തിങ്കളാഴ്ച ഹർജികള്‍ പരിഗണിക്കുമ്പോൾ പരീക്ഷ തീയ്യതി മാറ്റിയ തീരുമാനം സർക്കാര്‍ കോടതിയെ അറിയിക്കും.