ഓപ്പറേഷൻ ഗംഗ പുരോഗമിക്കുന്നു, കീവിൽ ഇനി ഇന്ത്യക്കാരില്ലെന്ന് കേന്ദ്രസർക്കാർ

ദില്ലി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൌത്യമായ ഓപ്പറേഷൻ ഗംഗ അതിവേഗം പുരോഗമിക്കുന്നു. ഇന്നലെ രാവിലെ മുതൽ ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറിൽ 1377 ഇന്ത്യക്കാരെ യുക്രൈനിൽ നിന്നും പുറത്ത് എത്തിച്ചതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു. അടുത്ത മൂന്ന് ദിവസത്തിൽ 26 വിമാനങ്ങൾകൂടി ഹംഗറി, പോളണ്ട്, റൊമാനിയ , സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാനായി പോകുന്നുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ സി17 വിമാനം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി റൊമാനിയയിൽ എത്തിയിട്ടുണ്ട്.
ഓപ്പറേഷൻ ഗംഗ പ്രതീക്ഷിച്ച രീതിയിൽ പുരോഗിക്കുന്നുണ്ടെന്നും യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും എല്ലാ ഇന്ത്യക്കാരേയും മാറ്റാൻ സാധിച്ചതായും വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശ്രിഗ്ള പറഞ്ഞു. 65 കിലോ മീറ്റർ നീളം വരുന്ന വമ്പൻ റഷ്യൻ സൈനിക വ്യൂഹം കീവ് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചതോടെയാണ് കീവിൽ നിന്നും എല്ലാ പൌരൻമാരോടും അടിയന്തരമായി ഒഴിയാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടത്.
ഓപ്പറേഷൻ ഗംഗ അപ്ഡേറ്റ് -
- പോളണ്ടിൽ നിന്നുള്ള ആദ്യവിമാനം ഇന്ന് രാവിലെ തിരിച്ചെത്തി. പോളണ്ടിൽ നിന്ന് മൂന്ന് വിമാനങ്ങളിലായി 600 നടുത്ത് ഇന്ത്യക്കാർ ഇന്ന് തിരിക്കും. ഹംഗറിയിലേക്കും റോമാനിയയിലേക്കും ഓരോ വ്യോമസേന വിമാനങ്ങൾ പുറപ്പെട്ടു
- യുക്രൈനിലെ ലിവിവിൽ ഗർഭിണി അതിർത്തി കടക്കാൻ സഹായത്തിന് കാത്തു നിൽക്കുന്നു. നീതു അഭിജിത്ത് എന്ന പൂർണ്ണ ഗർഭിണിയാണ് വാഹനസൗകര്യത്തിന് കാത്തുനിൽക്കുന്നത്.
- ഇന്ന് രാവിലെ മുതൽ മൂന്ന് വിമാനങ്ങളാണ് യുക്രൈനിൽ നിന്നും വിദ്യാർത്ഥികളുമായി എത്തിയത്. എഴുന്നൂറിൽ അധികം പേർ തിരിച്ചെത്തി. കേന്ദ്രമന്ത്രിമാരായ സ്‌മൃതി ഇറാനി, ജിതേന്ദർ സിംഗ്, രാജിവ് ചന്ദ്രശേഖർ എന്നിവർ വിദ്യാർത്ഥികളെ സ്വീകരിച്ചു
- എല്ലാ ഇന്ത്യക്കാരെയും മടക്കി കൊണ്ടു വരാനുള്ള നടപടികൾ ഊർജിതമായി നടക്കുകയാണ്. ഓപ്പറേഷൻ ഗംഗയുമായി സഹകരിക്കുന്ന വിമാന കമ്പനികൾക്കും ജീവനക്കാർക്കും നന്ദിയറിയിക്കുന്നു - സ്‌മൃതി ഇറാനി
- കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കും. വെല്ലുവിളികൾ ഏറെയുള്ള സമയമാണിത്. പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ് - രാജീവ് ചന്ദ്രശേഖർ