കാമുകനെ കാണാൻ വേണ്ടിയാണ് വിവാഹിതയായ സെറീന ആ തെറ്റ് ചെയ്തത്.

കാമുകനെ കാണാൻ വേണ്ടിയാണ് വിവാഹിതയായ സെറീന ആ തെറ്റ് ചെയ്തത്.

2018ല്‍ സോയൂസ് എംഎസ് 09 എന്ന ബഹിരാകാശ പേടകത്തില്‍ കണ്ടെത്തിയ ദ്വാരത്തെ തുടര്‍ന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റഷ്യ ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. അമേരിക്കന്‍ ബഹിരാകാശ യാത്രിക സെറീന ഔണ്‍ ചാന്‍സലര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന ആവശ്യവും റഷ്യ മുന്നോട്ടുവെക്കുന്നു. 

കാമുകനെ കാണാനായി വേഗത്തില്‍ ഭൂമിയിലേക്ക് തിരിച്ചെത്താനാണ് രണ്ട് മില്ലീമീറ്റര്‍ വലുപ്പമുള്ള ദ്വാരം സെറീന നിര്‍മിച്ചതെന്നാണ് റഷ്യന്‍ ആരോപണം. 

2018ല്‍ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഘടിപ്പിച്ച അവസരത്തിലായിരുന്നു സോയൂസ് എംഎസ് 09 എന്ന ബഹിരാകാശ പേടകത്തില്‍ ദ്വാരം കണ്ടെത്തിയത്. പേടകത്തിന്റെ രൂപകല്‍പ്പനയെക്കുറിച്ച് കാര്യമായ ധാരണയില്ലാത്ത ആരോ നിരവധി ദ്വാരങ്ങള്‍ പേടകത്തില്‍ വരുത്താന്‍ ശ്രമിച്ചെന്നും ഇതിലൊന്ന് മാത്രമാണ് പേടകം പൂര്‍ണമായും തുളച്ചു പുറത്തെത്തിയതെന്നും റഷ്യന്‍ സര്‍ക്കാരിന് കീഴിലുള്ള വാര്‍ത്താ ഏജന്‍സിയായ ടാസ് (TASS) റിപ്പോര്‍ട്ടു ചെയ്യുന്നു.

പേടകത്തിലെ മര്‍ദം പൊടുന്നനെ കുറഞ്ഞപ്പോഴാണ് 2018 ഓഗസ്റ്റ് 30ന് ഈ ദ്വാരം കണ്ടെത്തുന്നത്. ലഭ്യമായ പശപോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഉടന്‍ തന്നെ ബഹിരാകാശ നിലയത്തിലെ റഷ്യന്‍ സഞ്ചാരികള്‍ ഈ ദ്വാരം അടക്കുകയും ചെയ്തു. കാര്യമായ അപകടങ്ങളൊന്നുമുണ്ടായില്ലെങ്കിലും ഈ സംഭവത്തെ റോസ്‌കോസ്‌മോസ് ഗൗരവത്തിലെടുക്കുകയും പിന്നീട് ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പേടകം റഷ്യയില്‍വെച്ച് നിര്‍മിക്കുമ്പോഴുണ്ടായ പിഴവാകാം ഇത്തരമൊരു വീഴ്ചയിലേക്ക് നയിച്ചതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് റോസ്‌കോസ്‌മോസ് പൂര്‍ണമായും തള്ളിക്കളയുകയായിരുന്നു.

ദ്വാരം കണ്ടെത്തുന്നതിന് മുൻപായി ബഹിരാകാശ നിലയത്തില്‍ റഷ്യയുടേയും അമേരിക്കയുടേയും ഭാഗം ചേരുന്നിടത്തെ സിസിടിവി ക്യാമറയുടെ പ്രവര്‍ത്തനം നിലച്ചതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്.

അതേസമയം ബഹിരാകാശത്ത് എത്തുന്നതിന് മുൻപ് തന്നെ സെറീനയുടെ വിവാഹം ജെഫ് ചാന്‍സലറുമായി കഴിഞ്ഞിരുന്നു. ഇവര്‍ ഇപ്പോഴും ബന്ധം വേര്‍പെടുത്തിയിട്ടുമില്ല. ഏത് കാമുകനെക്കുറിച്ചാണ് പറയുന്നതെന്ന് വ്യക്തമാക്കാന്‍ റഷ്യന്‍ മാധ്യമങ്ങള്‍ തയാറായിട്ടുമില്ല. തങ്ങളുടെ ബഹിരാകാശ സഞ്ചാരിയെ പൂര്‍ണമായും പിന്തുണക്കുന്ന നിലപാടാണ് നാസ സ്വീകരിച്ചത്. തിരിച്ച് ഭൂമിയിലേക്കെത്താനുള്ള പേടകത്തിന്റെ സുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും നടപടികള്‍ തങ്ങളുടെ ബഹിരാകാശ സഞ്ചാരികള്‍ സ്വീകരിക്കില്ലെന്നാണ് നാസ ആവര്‍ത്തിക്കുന്നത്.