ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം; പട്ടിക തയാറാക്കിയ ആളും വെട്ടിയ ആളുമടക്കം മൂന്നുപേർ അറസ്റ്റിൽ
പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് നേതാവ് (rss leader)ശ്രീനിവാസന്‍റെ (sreenivasan)കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി പിടിയിൽ(three people arrested). ശ്രീനിവാസനെ വെട്ടിയ ആളുകളിലൊരാളും ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന. കൊല്ലേണ്ടയാളുടെ പട്ടിക തയ്യാറാക്കിയ പറക്കുന്നം സ്വദേശി റിഷിലും അറസ്റ്റിലായി. ഇയാളാണ് കൊലപ്പെടുത്തേണ്ട ആളുടെ പട്ടിക തയാറാക്കിയത്.മൂന്നു പേരുടെ പട്ടികയാണ് നൽകിയത്. ഈ പട്ടികയിൽ ഉള്ളയാളായിരുന്നു കൊല്ലപ്പെട്ട ശ്രീനിവാസൻ.
. കൊലയാളി സംഘത്തിന് അകമ്പടി പോയ ചുവന്ന കളറിലുള്ള മാരുതി കാറിലാണ് ആയുധമെത്തിച്ചതെന്നും തിരിച്ചറിഞ്ഞിരുന്നു. അവശേഷിക്കുന്ന രണ്ട് ബൈക്കുകളിലുള്ളവരെയും അത് ഓടിച്ചിരുന്നവരെയും തിരിച്ചറിഞ്ഞതായാണ് സൂചന. പ്രതികളിലേക്ക് വേഗമെത്താനാവുമെന്നാണ് അന്വേഷണം സംഘത്തിന്‍റെ പ്രതീക്ഷ.
അതേ സമയം, ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പാലക്കാട് ബിജെപി ഓഫീസിന് മുന്നിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. മൂന്ന് ബൈക്കുകൾക്ക് പുറമെ കാറും ഉപയോഗിച്ചായിരുന്നു അക്രമി സംഘം മേലാമുറിയിലേക്ക് പോയത്. സംഘത്തിന്റെ പക്കലുണ്ടായിരുന്ന ചുവന്ന സ്വിഫ്റ്റ് കാറിലാണ് ആയുധങ്ങൾ കരുതിയിരുന്നത്. മേലാമുറിക്കടുത്ത് വെച്ചാണ് ആയുധങ്ങൾ അക്രമി സംഘത്തിന് കൈമാറിയത്.
അതേസമയം സുബൈര്‍ വധക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടേയും തിരിച്ചറിയൽ പരേഡ് നടത്താനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി റിമാന്റിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ അടുത്ത ദിവസം കോടതിയിൽ നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.