ജയിപ്പിച്ചാൽ ടൂവീലറില്‍ ട്രിപ്പിളടി അനുവദിക്കാമെന്ന് യുപിയിലെ പാര്‍ട്ടി നേതാവ്!

തെരെഞ്ഞെടുപ്പ് കാലത്ത് രാഷ്‍ട്രീയ പാര്‍ട്ടികള്‍ പലവിധ വാഗ്‍ദാനങ്ങൾ നൽകുന്നത് പതിവാണ്. വോട്ട് നേടാനായി വിചിത്രമായ വാഗ്‍ദാനങ്ങൾ നൽകുന്ന നിരവധി രാഷ്ട്രീയക്കാരെ പല തെരെഞ്ഞെടുപ്പ് കാലത്തും കാണാം. ഇപ്പോഴിതാ അത്തരമൊരു വിചിത്രമായ വാഗ്‍ദാനമാണ് വാഹനലോകത്തും മറ്റും ചര്‍ച്ചയാകുന്നത്. വോട്ട് ചെയ്‍ത് ജയിപ്പിച്ചാല്‍ ഇരുചക്രവാഹനങ്ങളില്‍ മൂന്നു പേരെ കയറ്റി യാത്ര ചെയ്യുന്നത് നിയമവിധേയമാക്കും എന്നാണ് ഉത്തര്‍ പ്രദേശിലെ ഒരു രാഷ്ട്രീയ നേതാവിന്‍റെ 'മോഹനവാഗ്‍ദാനം!'.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സഖ്യം അധികാരത്തിലെത്തിയാൽ മൂന്ന് യാത്രക്കാരെ അനുവദിക്കുമെന്ന് സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി തലവൻ ഓം പ്രകാശ് രാജ്ഭർ വാഗ്‍ദാനം ചെയ്‍തതായി കാര്‍ ടോഖ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രാജ്ബർ ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്‍റെ വാക്കുകൾ ഇങ്ങനെ
“ഒരു ട്രെയിനിൽ 70 സീറ്റുകളിൽ 300 യാത്രക്കാരെ കയറ്റുന്നു, പക്ഷേ പിഴ ഈടാക്കുന്നില്ല.. പിന്നെ മൂന്നു പേർ ബൈക്കിൽ യാത്ര ചെയ്‍താല്‍ എന്തിനാണ് ചലാൻ നല്‍കി പിഴ ഈടാക്കുന്നത്? ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വരുമ്പോൾ, മൂന്നു റൈഡർമാർക്ക് സൗജന്യമായി ബൈക്ക് ഓടിക്കാം.. അല്ലാത്തപക്ഷം, ഞങ്ങൾ ജീപ്പുകളിലും ട്രെയിനുകളിലും സഞ്ചരിക്കുന്നവര്‍ക്കും ചലാൻ ഇടും.. ചിലപ്പോൾ ഒരു ഗ്രാമത്തിൽ വഴക്കുണ്ടാകുകയും ഒരാൾ പോലീസിൽ പരാതി നൽകുകയും ചെയ്യുമ്പോൾ, ഒരു കോൺസ്റ്റബിൾ ഗ്രാമത്തിലേക്ക് പോകുന്നു. ഇവർ പ്രതികളെ ബൈക്കിൽ ഇരുത്തികൊണ്ടു വരുന്നതും കാണാം. എന്തുകൊണ്ടാണ് ആ ഇൻസ്പെക്ടർക്ക് മൂന്നിരട്ടിയായി പിഴ ഈടാക്കാത്തത്..?" രാജ്ഭർ ചോദിക്കുന്നു.
ബിജെപിയുടെ മുൻ സഖ്യകക്ഷിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്‍പി), ഇപ്പോൾ സമാജ്വാദി പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമാണ്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് എസ്ബിഎസ്‍പി നേതാവിന്‍റെ ഈ 'മോഹന വാഗ്‍ദാനം'.
ഇന്ത്യയിൽ ട്രിപ്പിൾ റൈഡിംഗ് നിയമവിരുദ്ധം
ഇന്ത്യയിൽ ഇരുചക്രവാഹനത്തിൽ കയറാൻ നിയമപരമായി രണ്ട് റൈഡർമാർക്ക് മാത്രമേ അനുമതിയുള്ളൂ. എങ്കിലും, ട്രിപ്പിൾ റൈഡിംഗ് പല ഇടങ്ങളിലും ഒരു സാധാരണ കാഴ്‍ചയാണ്. അത്തരം നിയമലംഘനങ്ങളിൽ പോലീസുകാർ കാര്യമായ ശ്രദ്ധ ചെലുത്തുന്നില്ല.
ഇരുചക്രവാഹനങ്ങളിൽ രണ്ടിൽ കൂടുതൽ ഓടിക്കുന്നത് നിയമവിരുദ്ധമാണ്. എംവി ആക്റ്റ് അനുസരിച്ച് ഇതിന് തീര്‍ച്ചയായും പിഴ ഈടാക്കും. ഇരുചക്രവാഹനങ്ങൾ രണ്ടിൽ കൂടുതൽ ആളുകൾക്ക് സഞ്ചരിക്കാവുന്ന തരത്തിൽ രൂപകൽപ്പന ചെയ്‍തിട്ടില്ല. മൂന്ന് യാത്രക്കാരെ കയറ്റുന്നത് അസന്തുലിതാവസ്ഥയും വാഹനത്തിന്റെ നിയന്ത്രണം നഷ്‍ടപ്പെടുന്നതും ഉൾപ്പെടെ വിവിധ പ്രശ്‍നങ്ങൾക്ക് കാരണമാകും. ട്രിപ്പിൾ റൈഡിംഗ് എഞ്ചിനിലെ ലോഡ് വർദ്ധിപ്പിക്കുന്നു, ഇത് ധാരാളം പ്രശ്നങ്ങൾ ഉണ്ടാക്കുകയും വാഹനത്തിന്‍റെ ആയുസ് കുറയ്ക്കുകയും ചെയ്യും. അധിക ഭാരം, ഇരുചക്രവാഹനത്തിന്റെ ഇന്ധനക്ഷമതയും കുറയുന്നു.
നിയമങ്ങൾ ലംഘിക്കുന്നതിൽ നിന്ന് വാഹനമോടിക്കുന്നവരെ പിന്തിരിപ്പിക്കാൻ അടുത്തിടെ സർക്കാർ നിയമങ്ങൾ കർശനമാക്കുകയും ചലാൻ തുക വർധിപ്പിക്കുകയും ചെയ്‍തിട്ടുണ്ട്. ചില ലംഘനങ്ങൾക്ക് ഇപ്പോൾ മുമ്പത്തേക്കാൾ കൂടുതൽ ചിലവ് വരും.
ഇന്ത്യയിലെ അപകടങ്ങൾ
ലോകത്ത് ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾക്ക് റോഡപകടങ്ങൾ കാരണം മരിക്കുന്നുജീവന്‍ നഷ്‍ടമാകുന്നുണ്ട്. നിരവധി ആളുകള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. ചലാൻ തുക സർക്കാർ വർധിപ്പിച്ചിട്ടുണ്ടെങ്കിലും അപകടങ്ങളുടെ എണ്ണത്തിൽ കാര്യമായ മാറ്റമോ കുറവോ ഉണ്ടായിട്ടില്ല. ഹൈവേകളുടെയും അതിവേഗ റോഡുകളുടെയും എണ്ണം വർദ്ധിക്കുന്നതിനാൽ, ഭാവിയിൽ അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് വാഹനമോടിക്കുന്നവർ റോഡ് നിയമങ്ങൾ കർശനമായി പാലിക്കണം.