ഡാമിന് വിള്ളല്‍, ആയിരക്കണക്കിന് പേരെ ഒഴിപ്പിക്കുന്നു!

ഡാമിന് വിള്ളല്‍, ആയിരക്കണക്കിന് പേരെ ഒഴിപ്പിക്കുന്നു!

ആന്ധ്രാപ്രദേശിലെ 500 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ റയാല ഡാമില്‍ വിള്ളല്‍. ശക്തമായ മഴയും പ്രളയവും അക്ഷരാര്‍ത്ഥത്തില്‍ ആന്ധ്രാപ്രദേശിനെ മുക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് ജനങ്ങളെ ഭയപ്പെടുത്തി ഏറ്റവും വലിയ ജലസംഭരണിയായ ഡാമില്‍ വിള്ളല്‍ കണ്ടെത്തിയത്. തിരുപ്പതിക്ക് സമീപമുള്ള റയല ചെരിവ് ജലസംഭരണിയിലാണ് വിള്ളലുണ്ടായിരിക്കുന്നത്. ഡാമിന്റെ നാലിടങ്ങളിലാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. 20 ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകളെയാണ് ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്തും സംഭവിക്കാം എന്നവസ്ഥയിലാണ് ജില്ലകള്‍. ദുരിതബാധിതരെ ഒഴിപ്പിക്കുന്നത് ജില്ലാ കളക്ടര്‍ എം ഹരിനാരായണ നിരീക്ഷിച്ചുവരികയാണ്.

വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് നിര്‍മ്മിച്ച ഏതാണ്ട് 500 വര്‍ഷം പഴക്കമുള്ള ബണ്ടാണിത്. രാമചന്ദ്രപുരം മണ്ഡലത്തിലെ തിരുപ്പതിയില്‍ നിന്ന് ഏകദേശം 15 കി.മീ ദൂരമാണ് ബണ്ടിലേക്ക് ഉള്ളത്. ഞായറാഴ്ച രാവിലെ ബണ്ടില്‍ നിന്ന് വെള്ളം ഒഴുകാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.സ്പെഷ്യല്‍ ഓഫീസര്‍ പി എസ് പ്രദ്യുമ്ന ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ബണ്ട് പരിശോധിക്കുകയും ചുറ്റുമുള്ള 20 ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിടുകയും ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണികളിലൊന്നാണിത്.

സംഭരണശേഷിയായ 0.6 ടിഎംസിയില്‍ നിന്ന് 0.9 ടിഎംസി അടിയാണ് ഇപ്പോള്‍ സംഭരണിയിലുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. സമീപകാലത്ത് ആദ്യമായിട്ടാണ് ഇത്രയും കനത്ത ഒഴുക്ക് കാണുന്നത്. തിരുപ്പതിക്ക് സമീപം സി രാമപുരത്തുള്ള സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലും നഗരത്തിന് സമീപമുള്ള സ്‌കൂളുകളിലും ഹോസ്റ്റലുകളിലും റവന്യൂ അധികൃതര്‍ ദുരിതാശ്വാസ കേന്ദ്രം തുറന്നിട്ടുണ്ട്. അതിനിടെ, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ വിള്ളല്‍ അടയ്ക്കുന്നതിനുള്ള അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു.

ജലസംഭരണിയുടെ നീണ്ട ബണ്ട് ഏരിയയും നീര്‍ച്ചാലുകളും ഉള്‍പ്പെടെയുള്ള വ്യക്തമായ ചിത്രം ലഭിക്കാന്‍ ഒരു ഡ്രോണ്‍ ക്യാമറയും വിന്യസിച്ചു. ഏത് സാഹചര്യവും നേരിടാന്‍ പൊലീസ്, എന്‍ഡിആര്‍എഫ് ടീമുകള്‍ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സമാനമായ സാഹചര്യം കേരളത്തിലും ഏതുനിമിഷവും ഉണ്ടാകാമെന്നാണ് പറഞ്ഞുവരുന്നത്. കേരളത്തിലെ മുല്ലപ്പെരിയാറിന് സമാനമാണിത്. ശക്തമായ മഴയിലും വെള്ളപൊക്കത്തിലും പെട്ടെന്നു ഒരുദിവസം ഇതുപോലെ മുല്ലപ്പെരിയാറിലെ വിള്ളലിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുന്ന കാഴ്ച ഭയാനകമായിരിക്കും. അതുപോലൊരു സാഹചര്യം ഉണ്ടായാല്‍ പ്രളയ ദുരിതത്തിനിടയില്‍ ആര്‍ക്കാണ് രക്ഷപ്പെടാന്‍ സാധിക്കുക എന്നത് നിശ്ചയമല്ല.

ആന്ധ്രായിലെ സമാനമായ സാഹചര്യം തന്നെയാണ് കേരളത്തിലെന്നും വിലയിരുത്തലുകള്‍ ഉണ്ട്. ഡാം ഏത് നിമിഷവും തകരാം. അവശ്യ വസ്തുക്കളുമായി വീടുകള്‍ ഒഴിയുന്ന കാഴ്ചയാണ് ആന്ധ്രായില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. പരമാവധി എല്ലാവരും സഹകരിക്കുക എന്ന അനൗണ്‍സ്‌മെന്റ് ഈ മേഖലയില്‍ തുടര്‍ച്ചയായി മുഴങ്ങുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.