രാജ്യത്തൊട്ടാകെ 8001 കടകള്‍; ജന്‍ ഔഷധി‍ മെഡിക്കല്‍ സ്‌റ്റോറുകള്‍ വന്‍ വിജയത്തില്‍; ആനുകൂല്യം അഞ്ചു ലക്ഷമാക്കി

രാജ്യത്തൊട്ടാകെ 8001 കടകള്‍; ജന്‍ ഔഷധി‍ മെഡിക്കല്‍ സ്‌റ്റോറുകള്‍ വന്‍ വിജയത്തില്‍; ആനുകൂല്യം അഞ്ചു ലക്ഷമാക്കി

ന്യൂദല്‍ഹി: തീരെക്കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കാന്‍ മോദി സര്‍ക്കാര്‍ ആരംഭിച്ച ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോറുകള്‍ക്ക് വന്‍ വിജയം. ഇതിനകം രാജ്യത്തൊട്ടാകെ 8001 സ്‌റ്റോറുകള്‍ തുറന്നതായും 2025നകം ഇവയുടെ എണ്ണം 10,500 ആക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജന പ്രകാരമാണ് ഇവ തുടങ്ങുന്നത്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, ആശുപത്രികള്‍, സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികള്‍ എന്നിവയുടെ സമീപം തുടങ്ങണണമെന്നാണ് നിര്‍ദേശമെങ്കിലും സൗകര്യം ലഭിക്കുന്ന അല്ലാത്ത സ്ഥലങ്ങളിലും ഇവ തുടങ്ങുന്നുണ്ട്.

മരുന്നുത്പാദനം ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം

ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന സൗകര്യമുള്ളതും, അവരുടെ സര്‍ട്ടിഫിക്കറ്റ് ഉള്ള, ആഭ്യന്തര മരുന്നുകമ്ബനികള്‍ അടക്കമുള്ളവയില്‍ നിന്നാണ് ജന്‍ ഔഷധിയിലേക്ക് മരുന്നുകള്‍ വാങ്ങുന്നത്. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബറേഷന്‍ ലാബോറട്ടറിയില്‍ മരുന്നുകള്‍ പരിശോധിച്ചാണ് ജന്‍ ഔഷധിയില്‍ വില്‍ക്കുന്നത്. പരിശോധന കഴിഞ്ഞ മരുന്നുകള്‍ ഗുരുഗ്രാമിലെയും ചെന്നൈയിലെയും ഗുവാഹതിയിലെയും ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യയിലാണ് എത്തിക്കുക. അവിടെ നിന്നാണ് വ്യാപാരികള്‍ക്ക് എത്തിക്കുന്നത്. രാജ്യമൊട്ടാകെ 37 വിതരണക്കാരാണ് ഉള്ളത്.

കടയുടമകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അടുത്തിടെ രണ്ടര ലക്ഷം രൂപയില്‍ നിന്ന് അഞ്ചു ലക്ഷമാക്കി ഉയര്‍ത്തിയിട്ടുമുണ്ട്. ഇതിനു പുറമേ വനിതകള്‍, ദിവ്യാംഗര്‍ പട്ടികജാതി, വര്‍ഗക്കാര്‍ എന്നിവര്‍ക്ക് ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോറുകള്‍ തുടങ്ങാന്‍ ഫര്‍ണിച്ചര്‍ വാങ്ങാന്‍ രണ്ടു ലക്ഷം രൂപയും നല്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ രാജ്യസഭയില്‍ പറഞ്ഞു.

കുപ്രചാരണം, അട്ടിമറി

പതിനഞ്ചു മുതല്‍ 80 ശതമാനം വരെ വിലക്കുറവില്‍ മരുന്നു വില്ക്കുന്നതിനാല്‍ കോടികളുടെ ബിസിനസ് നടത്തുന്ന മെഡിക്കല്‍ സ്‌റ്റോറുകാരില്‍ നിന്ന് വലിയ വെല്ലുവിളികളാണ് ജന്‍ഔഷധി നേരിടുന്നത്. ഇവിടുത്തെ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്നാണ് ഒരു പ്രചാരണം. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള മരുന്നുകളാണ് ഇവിടങ്ങളില്‍ വില്ക്കുന്നത്. ഇത്തരം കടകള്‍ പൂട്ടിക്കാനും ശ്രമങ്ങളുണ്ട്. അതിന്റെ ഭാഗമായാണ് പ്രചാരണം.

വലിയ മെഡിക്കല്‍ സ്‌റ്റോറുകാര്‍ ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോറുകള്‍ ബിനാമി പേരില്‍ സ്വന്തമാക്കുന്ന അട്ടിമറി ശ്രമങ്ങളുമുണ്ട്. ഒന്നോ രണ്ടോ മെഡിക്കല്‍ സ്‌റ്റോറുകാര്‍ ചേര്‍ന്ന് ആരുടെയെങ്കിലും പേരില്‍ പണം മുടക്കി ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോര്‍ സ്വന്തമാക്കും. അത് തുറക്കും. പക്ഷെ അവിടെ ആവശ്യത്തിനു വേണ്ട മരുന്നുകള്‍ പോലും മനപൂര്‍വ്വം എത്തിക്കില്ല. അതോടെ മരുന്നില്ലെന്ന പേരില്‍ ആരും എത്താതാകും. ക്രമേണ അത് അടച്ചിടും. ഒരു സ്ഥലത്ത് ഒരു സ്‌റ്റോര്‍ അനുവദിച്ചതിനാല്‍ മറ്റൊന്നുകൂടി അനുവദിക്കില്ല. അങ്ങനെ ക്രമേണ ഉള്ള സ്‌റ്റോര്‍ പൂട്ടിക്കെട്ടും. മെഡിക്കല്‍ സ്‌റ്റോറുകാര്‍ കൊള്ള ലാഭമാണ് ഉണ്ടാക്കുന്നത്. ജന്‍ ഔഷധി വന്നതോടെ ജനങ്ങള്‍ വലിയ തോതില്‍ അവിടേക്ക് എത്തിത്തുടങ്ങി. ഇതിന് തടയിടാനാണ് ഇത്തരം അട്ടിമറികള്‍.