കരാറുകാരന്‍റെ മരണം; കർണാടക മന്ത്രി ഈശ്വരപ്പയുടെ രാജി ഇന്ന്, അറസ്റ്റ് വരെ പ്രതിഷേധമെന്ന് കോൺഗ്രസ്

ബംഗളുരു: കര്‍ണാടകയില്‍ അഴിമതി ആരോപണം ഉന്നയിച്ച കരാറുകാരന്‍റെ മരണത്തില്‍ പ്രതിഷേധം കനത്തതോടെ രാജി പ്രഖ്യാപിച്ച മന്ത്രി കെ എസ് ഈശ്വരപ്പ ഇന്ന് രാജി കത്ത് മുഖ്യമന്ത്രിക്ക് നല്‍കും. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും ധാര്‍മ്മികത കണക്കിലെടുത്താണ് രാജിയെന്നുമാണ് ഈശ്വരപ്പയുടെ പക്ഷം. രാജികൊണ്ട് മാത്രം കാര്യമില്ലെന്നും ഈശ്വരപ്പയെ അറസ്റ്റ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്നുമാണ് പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.
4 കോടിയുടെ ബില്ല് പാസാകാന്‍ നാല്‍പ്പത് ശതമാനം കമ്മീഷന്‍? പരാതി മുതൽ രാജി വരെ
കരാറുകാരന്‍റെ മരണത്തില്‍ പങ്കില്ലെന്നും ധാര്‍മ്മികത കണക്കിലെടുത്ത് തല്‍ക്കാലത്തേക്ക് മാറിനില്‍ക്കുന്നുവെന്നും പറഞ്ഞാണ് കര്‍ണാടക ഗ്രാമവികസന മന്ത്രി കെ എസ് ഈശ്വരപ്പ രാജിപ്രഖ്യാപനം നടത്തിയത്. ശിവമോഗയിലുള്ള ഈശ്വരപ്പ ഇന്ന് ബെംഗ്ലൂരുവിലെത്തി മുഖ്യമന്ത്രിക്ക് രാജി കത്ത് കൈമാറും. മുഖ്യമന്ത്രി ബൊമ്മയ് അടക്കം സംസ്ഥാന നേതൃത്വം പിന്തുണച്ചെങ്കിലും വിവാദങ്ങള്‍ക്കിടെ ദേശീയ നേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു.
പ്രതിഷേധം ഫലം കണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. ഈശ്വരപ്പയെ അറസ്റ്റ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനം. ഉഡുപ്പി പൊലീസ് ഈശ്വരപ്പയ്ക്ക് എതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസ് എടുത്തിരുന്നു. കരാറുകാരനെ അറിയില്ലെന്ന് അവകാശപ്പെട്ടെങ്കിലും മന്ത്രിക്കൊപ്പമുള്ള കരാറുകാരന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. 4 കോടിയുടെ ബില്ല് പാസാകാന്‍ നാല്‍പ്പത് ശതമാനം കമ്മീഷന്‍ മന്ത്രി ഈശ്വരപ്പ ആവശ്യപ്പെട്ടുവെന്നായിരുന്നു കരാറുകാരനായ സന്തോഷിന്‍റെ വെളിപ്പെടുത്തല്‍. മന്ത്രിക്ക് എതിരെ കേന്ദ്രഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്ങിനെ കണ്ട് പരാതി നല്‍കാനുള്ള തയാറെടുപ്പിലായിരുന്നു സന്തോഷ്. ഹിന്ദു യുവവാഹിനി ദേശീയ സെക്രട്ടറിയായ സന്തോഷ് ബിജെപി നേതാക്കള്‍ വഴി കേന്ദ്രമന്ത്രിയുടെ സമയം തേടിയിരുന്നു.
ഇതിന് പിന്നാലെയാണ് ദുരൂഹസാഹചര്യത്തില്‍ ഉഡുപ്പിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസ് റിപ്പോര്‍ട്ടെങ്കിലും കൊലപാതകമാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. യെദിയൂരപ്പയക്കൊപ്പം ബിജെപിയെ കര്‍ണാടകയില്‍ വളര്‍ത്തിയ മുതിര്‍ന്ന നേതാവാണ് ഈശ്വരപ്പ. വിവാദ തുടങ്ങി ദിവസങ്ങള്‍ക്കകം തന്നെ സംസ്ഥാന വ്യാപക പ്രതിഷേധത്തിലേക്ക് കോണ്‍ഗ്രസ് നീങ്ങിയതാണ് സമ്മര്‍ദ്ദം ശക്തമാക്കിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ മുതിര്‍ന്ന നേതാവിന്‍റെ രാജി കോണ്‍ഗ്രസിന്‍റെ പ്രതിഷേധ വിജയം കൂടിയാവുകയാണ്. രാജിക്ക് പിന്നാലെ ഈശ്വരപ്പ അനുകൂലികള്‍ കോണ്‍ഗ്രസ് നേതാക്കളുടെ കോലം കത്തിച്ച് തിരിച്ചടിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.