പ്രളയം കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും ധനസഹായം ലഭിച്ചില്ല; മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് കുടുംബങ്ങള്‍

പരപ്പനങ്ങാടി: 2019 ആഗസ്തിലുണ്ടായ പ്രളയത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധന സഹായം ലഭിക്കാത്ത കുടുംബങ്ങള്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും സഹായം വൈകുന്നതില്‍ വ്യാപക പ്രതിഷേധമുയരുന്നു. നെടുവ വില്ലേജിലെ ദുരിതമേഖലകളിലെ വീടുകളില്‍ നിന്ന് ക്യാംപുകളിലേക്കും ബന്ധുവീടുകളിലേക്കും താമസം മാറിയവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്രളയത്തെ തുടര്‍ന്ന് മാറി താമസിച്ച കുടുംബങ്ങള്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് വീടുകളില്‍ തിരിച്ചെത്തിയത്. ഇതിന് ശേഷം താലൂക്ക്, വില്ലേജ്, നഗരസഭ അധികാരികള്‍ പരിശോധനടത്തി ഇവരുടെ ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്കും കേടുപാടുകള്‍ സംഭവിച്ച വീടുകളും ഫോട്ടോയെടുത്ത് പ്രളയ ധനസഹായത്തിനായി രൂപീകരിച്ച 'റീ ബില്‍ഡ് 'ആപ്ലിക്കേഷനിലേക്ക് അപ് ലോഡ് ചെയ്തു. എന്നാല്‍, അപ് ലോഡ് ചെയ്യുമ്ബോഴുണ്ടായ സാങ്കേതിക തകരാര്‍ കാരണം ഈ കുടുംബങ്ങളുടെ ഒരു രേഖയും ഓഫിസുകളിലെത്തിയില്ല. ഇതോടെ ഇവര്‍ക്കുള്ള ധനസഹായം മുടങ്ങുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ച്ചയാണ് പ്രളയ ദുരിതത്തില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ധനസഹായം നഷ്ടപ്പെടാന്‍ കാരണമായത്.
ധനസഹായം ലഭിക്കാതായതോടെ നഗരസഭയിലെ 13, 15, 16, 17 ഡിവിഷനുകളിലെ കുടുംബങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പരാതി അയച്ചു. പേച്ചേരി വിനോദ് ,കുന്നുമ്മല്‍ ഷാജഹാന്‍, പുന്നപ്പാടം അബ്ദുല്‍ ഖാദര്‍ ,വടക്കെ പുരക്കല്‍ ദിലീപ്, ഒറ്റത്തയ്യില്‍ സൈനബ, കോടേരി സുപ്രിയ, തൊട്ടിത്തൊടിക ഷറഫുദ്ധീന്‍, പഴയ കണ്ടത്തില്‍ ഹാറൂണ്‍ റഷീദ്, കുന്നുമ്മല്‍ ഫിറോസ് ബാബു, തയ്യില്‍ തിത്തീമ, മൂലത്തില്‍ ഫാത്തിമ, നെല്ലിക്ക ത്തൊടി വേലായുധന്‍, കാടേങ്ങല്‍ അബ്ദുല്‍ സലാം, വെട്ടിക്കുത്തിന്റ കത്ത് മുഹമ്മദ് ഇസ്മായില്‍, തൊട്ടിയില്‍ കൈരളി, പുന്നപ്പാടം അബ്ദുല്‍ ഖാദര്‍ എന്നിവരാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ബന്ധപ്പെട്ട രേഖകള്‍ വില്ലേജ് ഓഫീസിലും കലക്‌ട്രേറ്റിലും സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വീണ്ടും ഓഫീസുകളില്‍ സമര്‍പ്പിച്ച് 8 മാസത്തോളമായിട്ടും ധനസഹായം കിട്ടുന്നത് നീണ്ടുപോകുന്നതിനാല്‍ ഓഫീസില്‍ നിന്നുള്ള അറിയിപ്പിനെത്തുടര്‍ന്ന് മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കും വീണ്ടും അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് ഈ കുടുംബങ്ങള്‍.
ഇനിയും വൈകാതെ പ്രളയ ദുരിതബാധിതരായ വര്‍ക്ക് അര്‍ഹമായ ധനസഹായം നടപടികള്‍ വേഗത്തിലാക്കണമെന്നാണ് പരാതി നല്‍കാന്‍ നേതൃത്വം നല്‍കിയ പരപ്പനാട് ഡെവലപ്പ്‌മെന്റ് ഫോറം ഭാരവാഹികളായ യു.ഷാജി മുങ്ങാത്തം തറ, മനാഫ് താനൂര്‍ എന്നിവരും ദുരിതബാധിത കുടുംബങ്ങളും ആവശ്യപ്പെടുന്നത്.