വട്ടവടയിൽ കാണാതായ യുവാവ് മരിച്ച നിലയിൽ, സമീപത്ത് വിഷക്കുപ്പി

വട്ടവടയിൽ കാണാതായ യുവാവ് മരിച്ച നിലയിൽ, സമീപത്ത് വിഷക്കുപ്പി

മൂന്നാർ: ദിവസങ്ങൾക്ക് മുൻപ് കാണാതായ യുവാവിനെ കൃഷിയിടത്തിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. വട്ടവട കോവിലൂർ സ്വദേശികളായ രംഗസ്വാമി - മണിയമ്മ ദമ്പതികളുടെ മകൻ മുരുകൻ (38) ആണ് മരിച്ചത്. മെയ് ഒന്നിനാണ് ഇയാളെ വീട്ടിൽ നിന്നും കാണാതായത്. ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല. 

ഇയാളുടെ മൊബൈൽ ഫോണിൻ്റെ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്ന് ഇയാൾ ഊർക്കാടിനു സമീപം ഞാവലാറിൽ ഉള്ളതായി കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഞാവലാറിലെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തായി വിഷക്കുപ്പിയും കണ്ടെത്തി. ദേവികുളം പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധന നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഈശ്വരിയാണ് ഭാര്യ. മക്കൾ: കോകില, കീർത്തി, കിഷോർ.