ഗോവയില്‍ മുഖ്യമന്ത്രി ആര്? ബിജെപിയില്‍ വന്‍ തര്‍ക്കം, പരിഹാരത്തിന് കേന്ദ്ര നേതൃത്വം വരുന്നു

പനജി: ഗോവയിൽ (Goa) മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തർക്കം പരിഹിക്കാൻ ബിജെപി (BJP കേന്ദ്ര നേതൃത്വം നിയോഗിച്ച നിരീക്ഷകർ ഇന്നെത്തും. കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ബി എൽ സന്തോഷുമാണ് നിരീക്ഷകർ. സംസ്ഥാന നേതൃത്വത്തിനകത്ത് സമവായം ഉണ്ടാക്കിയ ശേഷം എംഎൽഎമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി ആരെന്ന് ഉടൻ പ്രഖ്യാപിക്കും. വിശ്വജിത്ത് റാണെയുടെ പേരും ചർച്ചയിലുണ്ടെങ്കിലും നിലവിലെ മുഖ്യമന്ത്രിയായ പ്രമോദ് സാവന്ദിന് തന്നെയാണ് മുഖ്യമന്ത്രിയാകാൻ സാധ്യത കൂടുതൽ.
അതേസമയം, വന്‍ വിജയം നേടിയ ഉത്തര്‍പ്രദേശില്‍ ബിജെപി ഭാവി ചര്‍ച്ചകളിലേക്ക് കടന്നു. ചരിത്ര വിജയത്തിൽ യോഗി ആദിത്യനാഥിനെ നരേന്ദ്ര മോദി അഭിനന്ദിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷം ജനങ്ങള്‍ക്കായി യോഗി അക്ഷീണം പ്രയ്തനിച്ചെന്നും അടുത്ത അഞ്ച് വര്‍ഷവും വികസനത്തിനായി യോഗി പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു.
ദില്ലിയില്‍ ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പ്രധാനമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ചത്. ഉത്തര്‍പ്രദേശ് സർക്കാര്‍ രൂപികരണ ചർച്ചകള്‍ക്കായാണ് യോഗി ആദിത്യനാഥ് ദില്ലിയിലെത്തിയത്. ഒന്നാം സർക്കാരിലെ ആരെയൊക്കെ നിലനിർത്തണം ഏതൊക്കെ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തണം എന്നതിലാണ് പ്രധാന ചർച്ച . ദളിത് പിന്നോക്ക വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജാതി വിഭാഗങ്ങളുടെ പ്രാതിനിധ്യം കൃത്യമായി ഉറപ്പാക്കിയേ മന്ത്രി സ്ഥാനങ്ങളില്‍ തീരുമാനമെടുക്കാനാകൂ. നിലവില്‍ പത്ത് മന്ത്രിമാർ തെരഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ട്. ആ സ്ഥാനങ്ങളിലേക്ക് പുതിയ ആളുകള്‍ എത്തിയേക്കും. തോറ്റ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്ക് പകരം ആര് എന്നതും തീരുമാനിക്കേണ്ടതുണ്ട്.
ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് , ബേബി റാണി മൗര്യ, ബ്രിജേഷ് പാഠക്, എന്നിവരുടെ പേരുകളാണ് നിലവില്‍ പരിഗണനയില്‍ ഉള്ളത്. ഒബിസി മുഖമായ കേശവ് പ്രസാദിന് ഒരു വട്ടം കൂടി അവസരം നല്‍കുമോ ദേശീയ തലത്തിലേക്ക് നിയോഗിക്കുമോയെന്നതും കണ്ടറിയണം. കുര്‍മി വിഭാഗത്തില്‍ നിന്നാണ് സ്വതന്ദ്രദേവ്. ബിഎസ്പിയുടെ വോട്ട് ബാങ്കായ ജാഠവ് വിഭാഗക്കാരിയാണ് ബേബി റാണി മൗര്യ. ബ്രാഹ്മിണ്‍ വിഭാഗക്കാരനാണ് ബ്രിജേഷ് പാഠക്.
നോയിഡയില്‍ നിന്ന് വീണ്ടും വൻ വിജയം നേടിയ കേന്ദ്രമന്ത്രി രാജ്നാഥ് സിങിന്‍റെ മകന്‍ പങ്കജ് സിങിനെയും നേതൃത്വത്തിന് പരിഗണിക്കേണ്ടതുണ്ട്. അതേസമയം ഉത്തരാഖണ്ഡില്‍ ആര് മുഖ്യമന്ത്രിയാകുമെന്നതില്‍ ഒരാഴ്ചക്കുള്ളില്‍ ബിജെപി കേന്ദ്രനേതൃത്വം തീരുമാനമെടുക്കും. ഉത്തരാഖണ്ഡില്‍ ആറ് പേരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചർച്ചയാകുന്നത്. ഇതില്‍ ഒരാഴ്ചക്കുള്ളില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കും. മണിപ്പൂരില്‍ ബിരേന്‍ സിങ് തന്നെ മുഖ്യമന്ത്രിയായി തുടരും. മന്ത്രിസഭ രൂപികരണ ചർച്ചകള്‍ ഉടൻ ആരംഭിക്കും.