സഹകരണ ബാങ്ക് മോഡല്‍ വായ്പാത്തട്ടിപ്പ് കുടുംബശ്രീയിലും; രേഖകള്‍ ദുരുപയോഗം ചെയുന്നു; വീട്ടമ്മമാരും കടക്കെണിയിലേക്ക്

സഹകരണ ബാങ്ക് മോഡല്‍ വായ്പാത്തട്ടിപ്പ് കുടുംബശ്രീയിലും; രേഖകള്‍ ദുരുപയോഗം ചെയുന്നു; വീട്ടമ്മമാരും കടക്കെണിയിലേക്ക്

ആലപ്പുഴ: ഇടപാടുകാര്‍ നല്കുന്ന രേഖകള്‍ ഉപയോഗിച്ച്‌ സഹകരണ ബാങ്കുകളില്‍ നടക്കുന്ന വായ്പാത്തട്ടിപ്പ് കുടുംബശ്രീയിലും. പാവപ്പെട്ട സ്ത്രീകളെ ഇവര്‍ വലിയ കടക്കെണിയിലേക്ക് നയിക്കുകയാണ്. കുടുംബശ്രീക്ക് മാതൃകയായി സംസ്ഥാനത്ത് സ്വയംസഹായ സംഘങ്ങള്‍ക്ക് തുടക്കം കുറിച്ച ആലപ്പുഴ നഗരത്തിലാണ് ഇത്തരത്തില്‍ തട്ടിപ്പ് നടക്കുന്നത്.

കഴിഞ്ഞ ദിവസം എഎന്‍ പുരം വാര്‍ഡ് സ്വദേശി ബിന്ദുവിന് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ആലപ്പുഴ ശാഖയില്‍ നിന്ന് 7.60 ലക്ഷം രൂപ കുടിശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പു വിവരം പുറത്തറിയുന്നത്. ഇവര്‍ അംഗമായ അക്ഷരശ്രീ എസ്‌എച്ച്‌ജി ഗ്രൂപ്പ് 2017ല്‍ ബാങ്കില്‍ നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തെന്നും കുടിശിക എത്രയും വേഗം അടയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.

എന്നാല്‍ യുവതി ഇങ്ങനെയൊരു ഗ്രൂപ്പില്‍ അംഗമാകുകയോ, വായ്പയെടുക്കുകയോ ചെയ്തിട്ടില്ല. ബാങ്കിലെത്തി നടത്തിയ അന്വേഷണത്തില്‍ ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും ഫോട്ടോയും ഉപയോഗിച്ചാണ് വായ്പയെടുത്തതെന്ന് മനസ്സിലായി. ഇവര്‍ക്കൊപ്പം മറ്റ് ചില അംഗങ്ങളുടെയും രേഖകള്‍ ബാങ്കില്‍ നല്കിയിട്ടുണ്ട്. എന്നാല്‍ ഇവരെയാരെയും പരാതിക്കാരിക്ക് അറിയില്ല. വട്ടയാല്‍ വാര്‍ഡ് സ്വദേശി റാഷിദ, ബീച്ച്‌ വാര്‍ഡ് സ്വദേശി നദിറ എന്നിവരാണ് എസ്‌എച്ച്‌ജി ഗ്രൂപ്പിന്റെ പ്രസിഡന്റും സെക്രട്ടറിയും. ബാങ്ക് മാനേജര്‍ക്ക് പരാതി നല്കിയെങ്കിലും വായ്പ തിരിച്ചടയ്ക്കണമെന്ന നിലപാടില്‍ ഉറച്ചു നിന്നു.

കുടുംബശ്രീ അംഗമായ ബിന്ദു അവിടത്തെ ഇടപാടുകള്‍ക്കായി നല്കിയ രേഖകളാണ് ദുരുപയോഗം ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ തട്ടിപ്പ് സംബന്ധിച്ച്‌ ആലപ്പുഴ സൗത്ത് പോലീസില്‍ ബാങ്ക് മാനേജര്‍, എസ്‌എച്ച്‌ജി ഭാരവാഹികളായ റാഷിദ, നദിറ എന്നിവരെ കക്ഷികളാക്കി പരാതി നല്കി. കൂടാതെ എടുക്കാത്ത വായ്പ അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ച ബാങ്ക് മാനേജര്‍ക്ക് വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്. പോലീസില്‍ പരാതി നല്കിയതോടെ ഒത്തുതീര്‍പ്പിനായി ഭരണകക്ഷി നേതാക്കള്‍ ശ്രമം തുടങ്ങി. സിപിഐ അംഗമായ ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍, എന്‍സിപി നേതാവ്, കുടുംബശ്രീ, സിഡിഎസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ബപരാതി പിന്‍വലിക്കണമെന്ന് ബിന്ദുവിനോട് ആവശ്യപ്പെട്ടു. ആത്മഹത്യ ഭീഷണി വരെ ചിലര്‍ മുഴക്കി.

കുടുംബശ്രീ ആവശ്യങ്ങള്‍ക്കായി പാവപ്പെട്ട സ്ത്രീകള്‍ നല്കുന്ന രേഖകള്‍ ദുരുപയോഗം ചെയ്ത് ബാങ്ക് അധികൃതരുടെ ഒത്താശയോടെയാണ് തട്ടിപ്പ് നടക്കുന്നത്. ലക്ഷക്കണക്കിന് സ്ത്രീകള്‍ അംഗങ്ങളായ കുടുംബശ്രീയുടെ വിശ്വാസ്യതയാണ് ഇതോടെ തകരുന്നത്.