70 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് നാളെ ഒരാണ്ട്, പെട്ടിമുടിയുടെ മണ്ണിന് ഇപ്പോഴും കണ്ണീര്‍നനവ്

മൂന്നാര്‍: രാത്രിയുടെ തണുപ്പിനുമീതെ ഭൂമിയുടെ ഹൃദയം പിളര്‍ന്നൊഴുകിയ ഉരുള്‍ 70 പേരുടെ ജീവന് കവര്‍ന്ന പെട്ടിമുടി ദുരന്തത്തിന് വെള്ളിയാഴ്ച ഒരുവയസ്സ്. 2020 ആഗസ്റ്റ് ആറിന് രാത്രി 11നാണ് കനത്ത മഴയില്‍ മൂന്നാര്‍ കണ്ണന് ദേവന് തേയിലത്തോട്ടത്തിലെ നയമക്കാട് എസ്റ്റേറ്റില്‍ രാജമലയ്ക്ക് സമീപം പെട്ടിമുടി ഡിവിഷനിലെ ലയങ്ങള്‍ക്കുമേല്‍ ദുരന്തം മരണം വിതച്ചത്. 18 കുട്ടികളും ഒരു ഗര്‍ഭിണിയുമടക്കം 70 പേര് മരിച്ചപ്പോള്‍ നാലുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. നാലുപേരുടെ മൃതദേഹം കണ്ടെത്താനായില്ല.
പുറത്ത് ആര്‍ത്തലക്കുന്ന മഴയില്‍ ലയങ്ങള്‍ക്കുള്ളില്‍ ഉറക്കത്തിലാണ്ട സാധാരണക്കാരായ തൊഴിലാളികളുടെ കുടുംബങ്ങളാണ് കണ്ണടച്ചുതുറക്കും മുമ്ബ് ദുരന്തത്തിന് ഇരയായത്. രാത്രിയെ ഞെട്ടിച്ച് ഉയര്‍ന്ന ആര്ത്തനാദങ്ങള്ക്കിടയില്നിന്ന് മരണം കവര്‍ന്നവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്തന്നെ ആഴ്ചകള്‍ വേണ്ടിവന്നു. ഒന്നര കി.മീറ്ററോളം ദൂരെ മലമുകളില്നിന്നായിരുന്നു ഉരുള്പൊട്ടലിെന്റ തുടക്കം. അല്പസമയത്തിനുള്ളില് ഇത് കല്ലും മണ്ണും നിറഞ്ഞ മഹാപ്രവാഹമായി താഴേക്ക് പതിച്ചു. പെട്ടിമുടി പുഴ എന്നറിയപ്പെടുന്ന കരിന്തിരിയാറിെന്റ തീരത്തെ ചെറുതും വലുതുമായ നാല് ലയം തകര്‍ന്നു. മൊബൈല്‍ ഫോണ്‍ റേഞ്ചില്ലാത്തതും പെരിയവര പാലം തകര്‍ന്നതും ദുരന്തത്തിെന്റ വ്യാപ്തി വര്‍ധിപ്പിച്ചു. പ്രദേശവാസികളില്‍ ചിലര്‍ രാജമലയിലെ വനം വകുപ്പ് ഓഫിസില്‍ നടന്നെത്തി വിവരം അറിയിക്കുകയായിരുന്നു.
പാറക്കല്ലുകളും മണ്ണും വന്നടിഞ്ഞ ദുരന്തഭൂമിയില്‍ കോവിഡ് ഭീതിപോലും വകവെക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് നാട് കൈകോര്‍ത്തു. മണ്ണിനടിയില്‍നിന്ന് കുരുന്നുകളുടെയടക്കം മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത് കരള്‍ പിളര്‍ക്കുന്ന കാഴ്ചയായിരുന്നു. 19 ദിവസത്തിലായി 133 മണിക്കൂര്‍ തിരച്ചില്‍ നീണ്ടു. അച്ഛനമ്മമാരെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന നിലയിലായിരുന്നു ചില കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍. പലരുടെയും മൃതദേഹങ്ങള്‍ സമീപത്തെ പുഴയില്‍നിന്നാണ് കിട്ടിയത്. ചിലത് കിലോമീറ്ററുകള്‍ക്കപ്പുറം മരത്തില്‍ തങ്ങിനില്ക്കുന്ന നിലയിലായിരുന്നു.
അപകടത്തില്‍നിന്ന് രക്ഷപ്പെട്ട ചിലര്‍ ദുരന്തത്തിെന്റ നടുക്കുന്ന ഒാര്‍മകളും തീരാത്ത വേദനയുമായി ഇപ്പോഴും ചക്രക്കസേരയില്‍ ജീവിതം തള്ളിനീക്കുകയാണ്.
പെട്ടിമുടി ഇപ്പോള്‍ കാടുകയറിയ നിലയിലാണ്. 85 കുടുംബം താമസിച്ചിരുന്ന ഇവിടെ ഇപ്പോഴുള്ളത് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ മാത്രം. അപകടത്തില്‍നിന്ന് രക്ഷപ്പെട്ട എട്ട് കുടുംബം കുറ്റിയാര്‍വാലിയില്‍ നിര്‍മിച്ചുകിട്ടിയ പുതിയ വീട്ടിലാണ് താമസം. മരിച്ചവരെ സംസ്കരിച്ചതിന് സമീപത്തെ മൈതാനത്ത് കണ്ണന് ദേവന് കമ്ബനി നിര്‍മിക്കുന്ന സ്മാരകം ഉയരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ഥനകളുമായി വെള്ളിയാഴ്ച ഇവിടെ സംഗമിക്കും.