ദുരുദ്ദേശ്യത്തോടെ റോയി മദ്യംനല്‍കി, നമ്പര്‍ 18ല്‍ നടന്നതെന്ത്?

കൊച്ചി: മുൻ മിസ് കേരളയ്ക്കും സുഹൃത്തുക്കൾക്കും നമ്പർ 18 ഹോട്ടൽ ഉടമ റോയിയെ മുൻ പരിചയമുണ്ടെന്ന് പോലീസ്. പോലീസിന്റെ കസ്റ്റഡി അപേക്ഷയിലാണിത് പറയുന്നത്. ഹോട്ടലിൽ ഡി.ജെ. പാർട്ടിക്കായി ഒത്തുകൂടിയ മുൻ മിസ് കേരള അൻസി കബീർ, മിസ് കേരള മുൻ റണ്ണറപ്പ് അൻജന ഷാജൻ, അബ്ദുൾ റഹ്മാൻ എന്നിവരുമായി റോയി പരിചയം പുതുക്കിയെന്നാണ് അപേക്ഷയിലുള്ളത്. സംഘത്തിലുണ്ടായിരുന്ന കെ.എ. മുഹമ്മദ് ആഷിഖിനെ മാത്രമാണ് റോയി ആദ്യമായി പരിചയപ്പെടുന്നത്.
മുൻ പരിചയം വെച്ച് അൻസി കബീറിനും സുഹൃത്തുക്കൾക്കും ഡി.ജെ. നടന്ന സ്ഥലത്തുവെച്ചോ ഒന്ന്, രണ്ട് നിലയിൽ വെച്ചോ മദ്യമോ മയക്കുമരുന്നോ റോയി കൊടുത്തെന്നാണ് സംശയം
പാർട്ടിയിൽ വെച്ച് ദുരുദ്ദേശ്യത്തോടെ ഇവർക്ക് മദ്യം അമിതമായി റോയി നൽകിയെന്നും പോലീസ് പറയുന്നു. റോയിയുടെ താത്പര്യങ്ങൾ നടക്കാതെ വന്നപ്പോൾ വഴക്കുണ്ടാവുകയും മിസ് കേരള അടങ്ങുന്ന സംഘം ഹോട്ടലിൽനിന്ന് പുറത്തേക്ക് പോരുകയുമായിരുന്നെന്നാണ് സംശയം.
ഒക്ടോബർ 13-ാം തീയതി ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിൽ വമ്പൻ ഡി.ജെ. പാർട്ടി നടന്നതായി വിവരം. പ്രമുഖ ഫാഷൻ കൊറിയോഗ്രാഫറുടെ നേതൃത്വത്തിലായിരുന്നു പാർട്ടി. സംഘാടകർ ഇതിന്റെ ക്ഷണക്കത്ത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രമുഖർക്ക് അയച്ചിരുന്നു. ഇതു സംബന്ധിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. എന്നാൽ, ഇതിലേക്ക് അന്വേഷണം നടത്താനോ നടപടിയെടുക്കാനോ പോലീസ് തുനിഞ്ഞില്ല.
ഫാഷൻ കൊറിയോഗ്രാഫറുടെ നേതൃത്വത്തിൽ നടത്തിയ പാർട്ടിയിൽ സിനിമ, ഫാഷൻ രംഗത്തെ പ്രമുഖർ എത്തി. ദുബായിൽനിന്ന് പാർട്ടിക്കായി മയക്കുമരുന്ന് എത്തിക്കുന്നതായും രഹസ്യ വിവരമുണ്ട്.
മുമ്പ് നടന്ന പാർട്ടികളെ കുറിച്ച് എക്സൈസ് അന്വേഷിക്കുന്നുണ്ടെങ്കിലും പോലീസ് ഇത്തരം വിപുലമായ അന്വേഷണത്തിന് തയ്യാറല്ല. അപകടവുമായി ബന്ധപ്പെട്ട സംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്താനാണ് ജില്ലാ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുള്ള നിർദേശം.