ആക്രമിച്ചത് ബേപ്പൂർ സ്വദേശി മോഹൻദാസ്; മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് വാദം
കോഴിക്കോട്: സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണിയെ (Bindu Ammini) ആക്രമിച്ച ആളെ കണ്ടെത്തി. ബിന്ദുവിനെ ഇന്നലെ മർദിച്ചത് ബേപ്പൂർ സ്വദേശി മോഹൻദാസ് ആണെന്ന് പൊലീസ് അറിയിച്ചു. മത്സ്യത്തൊഴിലാളിയായ ഇയാൾ മദ്യലഹരിയിലായിരുന്നു. സംഘർഷത്തിൽ ഇയാൾക്കും ചെറുതായി പരിക്കേറ്റിട്ടുണ്ട്. പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ബിന്ദു അമ്മിണിക്ക് കോഴിക്കോട് നോർത്ത് ബീച്ചിൽ വച്ച് മര്‍ദ്ദനമേറ്റത്. ബിന്ദുവിൻ്റെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തത്. വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
ബിന്ദുവിൻ്റെ പരാതിയിൽ അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകളില്‍ പൊലീസ് കേസെടുത്തു.