അഭിമാനം;പകുത്ത് നൽകിയ കരളിൽ പുതുജീവിതം; സർക്കാർ മേഖലയിലെ ആദ്യ ലൈവ് ഡോണർ കരൾമാറ്റിവയ്ക്കൽ വിജയകരം

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി നടന്ന ലൈവ് ഡോണർ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ(live donar liver transplant surgery) വിജയം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ(kotatyam medical college hospital) ഫെബ്രുവരി 14നാണ് സർക്കാർ മേഖലയിലെ തന്നെ ആദ്യ ലൈ് ഡോണർ ശസ്ത്രക്രിയ നടന്നത്. ജീവിച്ചിരിക്കുന്ന ആളിൽ നിന്ന് രോഗിക്ക് കരൾ പകുത്ത് നൽകുന്നതാണ് ലൈവ് ഡോണർ ശസ്ത്രക്രിയ. കരൾ പകുത്ത് നൽകിയ തൃശൂർ സ്വദേശി പ്രവിജയും അത് സ്വീകരിച്ച ഭർത്താവ് സുബീഷും സുഖമായിരിക്കുന്നു. ആരോഗ്യനില മെച്ചപ്പെട്ട സുബീഷിനെയും പ്രവിജയേയും ഡിസ്ചാർജ് ചെയ്തു . സുബീഷ് ആശുപത്രിയിലെ, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി പ്രത്യേകം സജ്ജീകരിച്ച തീവ്ര പരിചരണ വിഭാഗത്തിൽ പരസാഹയമില്ലാതെ നടന്നു, സ്വന്തമായി ഭക്ഷണം കഴിച്ചു. അങ്ങനെ മരണ മുഖത്ത് നിന്നും സർക്കാർ ഡോകടർമാരുടെ പരിചരണത്തിൽ നല്ലപാതിയുടെ കരൾ ഏറ്റുവാങ്ങി സുബീഷ് തിരികെ നടക്കുകയാണ്, ജീവിതത്തിലേക്ക് . ഇത് സർക്കാർ മേഖലയ്ക്ക് അഭിമാന നിമിഷം
സ്വകാര്യ മേഖലയിൽ മാത്രം നടന്നിരുന്ന ലൈവ് ഡോണർ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഇതാദ്യമായി സർക്കാർ മേഖലയിലും നടന്നത്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ സ്വകാര്യ മേഖലയിൽ നിന്ന് പ്രത്യേക പരിശീലനം നേടി വന്ന ഡോ.ആര്‍.എസ്.സിന്ധുവിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. വിദഗ്ധ പരിശീലനം നേടി വന്ന ഡോ.സിന്ധുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് സ്ഥലംമാറ്റി യൂണിറ്റ് ശക്തിപ്പെടുത്തി 9 മാസങ്ങൾക്കുള്ളിലാണ് സങ്കീർണമായ ശസ്ത്രക്രിയക്ക് സർക്കാർ മേഖല സജ്ജമായത്.
ഫെബ്രുവരി 14ന് രാവിലെ ഏഴ് മണിയോടെ തുടങ്ങിയ ശസ്ത്രക്രിയ രാത്രി വരെ നീണ്ടു. സ്വകാര്യ ആശുപത്രിയിലെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിദഗ്ധരുടെ സഹായത്തോടെയായിരുന്നു 16 മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയ. കിംസ് ആശുപത്രിയിലെ ഡോ.ഷബീർ അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയക്ക് ഒരു കൈ സഹായം നൽകിയത്.
ശസ്ത്രക്രിയക്ക് അപ്പുറം അതിനുശേഷമുള്ള പരിചരണവും അതി സങ്കീർണമാണ്. സ്വീകരിച്ച കരൾ ശരീരം തള്ളുന്ന അവസ്ഥ ഉണ്ടായാൽ, അണുബാധ ഉണ്ടായാൽ വലിയ തിരിച്ചടി നേരിടും. അതിനുള്ള സാഹചര്യം ഒഴിവാക്കാൻ വലിയ തയാറെടുപ്പുകളാണ് നടത്തിയത്.
ആദ്യം ഒന്നു പകച്ചെങ്കിലും ഡോക്ടർമാരുടെ സാന്ത്വനം ധൈര്യം പകർന്നെന്നാണ് പ്രവിജ പറയുന്നു. പ്രിയതമന് കരൾ നൽകാൻ പിന്നെ പ്രവിജയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പിന്നെ എല്ലാം ശരവേഗത്തിൽ. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്ന ഒരേ ഒരു സർക്കാർ ആശുപത്രിയായ കോട്ടയത്തെ മെഡിക്കൽ സംഘത്തിന് ആശങ്കയേതുമില്ലായിരുന്നു. റിസ്ക് എടുക്കാൻ തയാറായവർ. പകുത്ത് നൽകിയ കരൾ സുബീഷിന്റെ ശരീരത്തിൽ തുന്നിച്ചേർക്കുമ്പോഴും അതിനെ ശരീരം സ്വീകരിക്കാനും രാവും പകലുമില്ലാതെ അക്ഷീണം പ്രയ്തിച്ചവരാണ് ഇവർ. കൂട്ടായ്മയുടെ വിജയം.സർക്കാർ മേഖലയ്ക്ക് പൊൻതൂവൽ.
ഡിസ്ചാർജ് ആയെങ്കിലും സുബീഷും പ്രവിജയും കുറച്ച് നാൾ കൂടി മെഡിക്കൽ സംഘത്തിന്റെ പൂർണ നിരീക്ഷണത്തിലായിരിക്കും. വിലകൂടിയ മരുന്നടക്കം ലഭ്യമാക്കേണ്ടതുണ്ട്. ചെറിയൊരു അണുബാധ പോലും സുബീഷിനെ തളർത്താമെന്നതിനാൽ പരമാവധി ശ്രദ്ധ നൽകാനാണ് ശ്രമം.
സ്വകാര്യ മേഖലയിൽ 25ലക്ഷം രൂപ വരെ ചെലവ് വരുന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സർക്കാർ മേഖലിയിൽ ചെയ്യുമ്പോൾ രോഗിയ്ക്ക് അത്രകണ്ട് ചെലവ് വന്നില്ലെങ്കിലും സർക്കാരിന് 12 ലക്ഷത്തിലേറെ രൂപ ഒരു ശസ്ത്രക്രിയക്ക് തന്നെ മുടക്കേണ്ടി വന്നിട്ടുണ്ട്. ഒപ്പം സർക്കാർ മേഖല വൈദഗ്ധ്യം നേടി എന്നുറപ്പിക്കും വരെ സ്വകാര്യ മേഖലയുടെ കൂടി സഹായം ഉറപ്പാക്കേണ്ടതുമുണ്ട്. ഒരു ശസ്ത്രക്രിയക്ക് ലക്ഷം രൂപ എന്ന കണക്കിലാണ് കിംസുമായി കരാർ ഒപ്പിട്ടിട്ടുള്ളത്.
കോട്ടയം മെഡിക്കൽ കോളജ് അഭിമാനത്തോടെ തല ഉയർത്തി നിൽക്കുമ്പോൾ , ചരിത്രം കുറിച്ചപ്പോൾ പറയാതെ പോകാൻ കഴിയാത്ത ഒന്നു കൂടി ഉണ്ട്. സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടും പൂട്ടിയിട്ട തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യൂണിറ്റിനെ കുറിച്ചാണ്. അത് ഇങ്ങനെ
അഞ്ച് വര്‍ഷം മുമ്പ് 2016 മാര്‍ച്ച് 23നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ സർക്കാർ മേഖലയിലെ ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. മരണാനന്തര അവയവദാനമായിരുന്നു അത്. അണുബാധയെത്തുടര്‍ന്ന് കരൾ മാറ്റിവച്ച രോഗി മരിച്ചു . അന്ന് പൂട്ടിയ യൂണിറ്റ് പിന്നീടിതുവരെ പ്രവർത്തിച്ചില്ലെന്നതും ചരിത്രം.
കരൾ ലഭ്യമാകാത്തതുകൊണ്ടോ അത് സ്വീകരിക്കാൻ രോഗി ഇല്ലാത്തതുകൊണ്ടോ അല്ല ഈ അനാസ്ഥ എന്നറിയുമ്പോഴാണ് ശസ്ത്രക്രിയ നടത്തേണ്ട ഗ്യാസ്ട്രോ സർജറി വിഭാഗത്തിന്റെ ക്രൂരമായ ഉദാസീനത വ്യക്തമാകുന്നത്. സർക്കാർ മേഖലയിൽ ഇത്ര മതി എന്ന ചിന്ത. പലവട്ടം സർക്കാരും ആശുപത്രി അധികൃതരും നിർദേശം നൽകിയിട്ടും കരൾ മാറ്റിവയ്ക്കൽ ആവശ്യമുള്ള രോഗികളെ സ്വകാര്യമേഖലയിലേക്ക് റഫർ ചെയ്ത് കൈ കഴുകി ഗ്യാസ്ട്രോ സർജറി വിഭാഗം.ഇപ്പോൾ വീണ്ടും യൂണിറ്റിന് ജീവൻ വയ്പ്പിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇനി അറിയേണ്ടത് പാവപ്പെട്ട രോഗികളെ സഹായിക്കാൻ,സർക്കാർ മേഖലയിലെ വൈദഗ്ധ്യം തെളിയിക്കാൻ ഇവർ തയാറാകുമോ എന്നതാണ്.