സംസ്ഥാനത്ത് കല്ലിടൽ അനൗദ്യോഗികമായി നിർത്തി? നിഷേധിച്ച് കെ റയിൽ

സംസ്ഥാനത്ത് കല്ലിടൽ അനൗദ്യോഗികമായി നിർത്തി? നിഷേധിച്ച് കെ റയിൽ

കൊച്ചി/ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരിടത്തും കെ റയിൽ സർവേ ഇല്ല. പ്രതിഷേധങ്ങളിൽ കൈ പൊള്ളിയ സർക്കാർ ഇന്ന് വിവിധ ജില്ലകളിൽ നടത്താനിരുന്ന സർവേ നടപടികൾ നിർത്തിവയ്ക്കാൻ നിർദേശം നൽകിയെന്നാണ് സൂചന. കണ്ണൂരിൽ ഇനി ഏപ്രിൽ ആദ്യവാരം നടക്കാനിരിക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞേ സർവേ നടപടികളുണ്ടാകൂ എന്നാണ് ലഭിക്കുന്ന വിവരം. 

അനൗദ്യോഗികമായി സർവേ നടപടികൾ നിർത്തിയെങ്കിലും ഈ വിവരം കെ റയിൽ നിഷേധിക്കുകയാണ്. ഓരോ ജില്ലകളിലെയും സാഹചര്യം നോക്കിയാകും സർവേ നടപടികൾ പുരോഗമിക്കുക എന്നാണ് സൂചന. 

ഇന്ന് എറണാകുളം, കോഴിക്കോട്, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ സർവേ നടപടികൾ നിർത്തി വയ്ക്കാൻ നിർദേശം നൽകിയിരിക്കുകയാണ്. പൊലീസ് സംരക്ഷണമില്ലാതെ എറണാകുളത്തെ സർവേ പൂർത്തിയാക്കാൻ ഇനി കഴിയില്ലെന്ന് ജീവനക്കാർ സർവേ ഏജൻസിയെ അറിയിച്ചിരുന്നു. ഇനി എറണാകുളത്ത് 12 കിലോമീറ്റർ മാത്രമാണ് സർവേ പൂർത്തീകരിക്കാനുള്ളത്. 

സാമൂഹികാഘാതപഠനത്തിന്‍റെ ഭാഗമായാണ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സർവേക്കല്ലുകൾ സ്ഥാപിക്കുന്നത്. എന്നാൽ പലയിടത്തും പ്രതിഷേധം മൂലം സർവേ നടപടികൾ മുന്നോട്ട് പോകുന്നില്ലെന്ന് ജീവനക്കാർ കെ റയിലിനെ അറിയിക്കുന്നുണ്ട്. അതിനാൽത്തന്നെ സാമൂഹികാഘാതപഠനം നീളുമെന്ന് ഉറപ്പാണ്.

ജനങ്ങൾ രാഷ്ട്രീയഭേദമില്ലാതെ സമരത്തിന് രംഗത്ത് വരുന്നു. കല്ല് പിഴുതെറിയൽ സമരവുമായി ജനങ്ങൾക്ക് സമരത്തിന് നേതൃത്വം നൽകി എത്തുന്ന യുഡിഎഫ് നേതൃത്വം ഇത് ഇടതുപക്ഷത്തിനെതിരെ വലിയ രാഷ്ട്രീയായുധമാക്കുകയുമാണ്. സിപിഎം പാർട്ടി കോൺഗ്രസ് വരാനിരിക്കുന്നു. പാർട്ടിയുടെ ഏറ്റവും വലിയ സമ്മേളനത്തിൽ ഈ സമരം പ്രതിഫലിക്കുന്നത് സംസ്ഥാനഘടകത്തിന് നാണക്കേടുമാകും. ഈ സാഹചര്യത്തിലാണ് താൽക്കാലികമായെങ്കിലും സർവേ നടപടികൾ നിർത്തി വയ്ക്കാൻ സർക്കാർ നിർബന്ധിതരാകുന്നത്.

കല്ല് പിഴുതാലും പിന്നോട്ടില്ലെന്ന് വെല്ലുവിളിച്ചായിരുന്നു സിൽവർ ലൈൻ സർവ്വെയിൽ സർക്കാർ അടിയുറച്ച് മുന്നോട്ട് പോയത്. പക്ഷെ താഴേത്തട്ടിൽ ഇടത് അണികളിലടക്കം എതിർപ്പ് രൂക്ഷമാകുന്നത് സർക്കാറിനും എൽഡിഎഫിനും മുന്നിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഔദ്യോഗികമായി സർവേ നിർത്തി എന്ന് കെ റെയിൽ പറയുന്നില്ല. പ്രദേശിക തലങ്ങളിൽ സർവേ ഏജൻസികൾക്ക് റവന്യൂ വകുപ്പുമായി ആലോചിച്ച് തീരുമാനിക്കാമെന്നാണ് നിലപാട്. ഫലത്തിൽ സർവേ തടസ്സപ്പെട്ടു എന്ന് തന്നെ. എറണാകുളത്തും കോട്ടയത്തും കോഴിക്കോടും കണ്ണൂരും മലപ്പുറത്തുമൊക്കെ ഇന്ന് വീണ്ടും സർവേ തുടങ്ങാനിരിക്കെയാണ് ഈ നിർത്തിവെക്കൽ.